Connect with us

hajj 2023

ഹജ്ജ് ക്വാട്ട: സ്വകാര്യ ഗ്രൂപ്പുകൾക്ക് രണ്ട് കാറ്റഗറി മാത്രം

സ്വകാര്യ ഗ്രൂപ്പുകളുടെ 70 ശതമാനം ക്വാട്ടയും ഒന്നാം കാറ്റഗറിയിൽപ്പെട്ട സ്വകാര്യ ഗ്രൂപ്പുകൾക്കാണ് നൽകുക.

Published

|

Last Updated

കോഴിക്കോട് | ഈ വർഷത്തെ ഹജ്ജ് ക്വാട്ട അനുവദിക്കാനുള്ള അപേക്ഷക്ക് സ്വകാര്യ ഹജ്ജ് ഗ്രുപ്പുകൾക്ക് രണ്ട് കാറ്റഗറി മാത്രം. സ്വകാര്യ ഹജ്ജ് നയത്തിൽ മാറ്റം വരുത്തിയാണ് നേരത്തേയുള്ള മൂന്ന് കാറ്റഗറി വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിവ മാത്രമേ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ക്വാട്ട അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി ഉണ്ടാകുകയുള്ളൂ.

മൂന്ന് വർഷത്തെ ഹജ്ജ് പരിചയവും അഞ്ച് കോടി ടേണോവറും ഉള്ള സ്വകാര്യ ഗ്രൂപ്പുകളാണ് ഒന്നാം കാറ്റഗറിയിൽ ക്വാട്ട അനുവദിക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ അപേക്ഷ നൽകേണ്ടത്. അഞ്ച് വർഷത്തിനിടെ രണ്ട് തവണ ഉംറ ലൈസൻസ് ലഭിച്ചവരും അഞ്ച് കോടിയിൽ കുറവ് ടേണോവറുള്ളവരുമാണ് രണ്ടാം കാറ്റഗറിയിൽ വരിക. ഇത്തരത്തിൽ രണ്ട് കാറ്റഗറികളിലായി ക്വാട്ട അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിർദേശിച്ചു.

ഇന്നലെ മുതൽ സൈറ്റിൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഈ മാസം 28ന് വൈകുന്നേരം അഞ്ച് മണിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. സ്വകാര്യ ഗ്രൂപ്പുകളുടെ 70 ശതമാനം ക്വാട്ടയും ഒന്നാം കാറ്റഗറിയിൽപ്പെട്ട സ്വകാര്യ ഗ്രൂപ്പുകൾക്കാണ് നൽകുക. ഇന്ത്യക്ക് സഊദി അനുവദിച്ച ക്വാട്ടയുടെ 20 ശതമാനം മാത്രമേ സ്വകാര്യ ഗ്രൂപ്പുകൾക്ക് ലഭിക്കുകയുള്ളൂ. ഇത് പ്രകാരം ഇന്ത്യയിലെ സ്വകാര്യ ഗ്രൂപ്പുകൾക്ക് ലഭിക്കുന്നത് 35,005 സീറ്റുകൾ മാത്രമാണ്. ഇന്ത്യയിൽ നിലവിൽ 700ലധികം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 98 അംഗീകൃത സ്വകാര്യ ഗ്രൂപ്പുകളുണ്ട്.

നേരത്തേ സ്വകാര്യ ഗ്രൂപ്പുകൾക്ക് ഫസ്റ്റ് സ്റ്റാർ, ഫസ്റ്റ്, സെക്കൻഡ് എന്നീ കാറ്റഗറികളായിരുന്നു ഉണ്ടായിരുന്നത്. 2019- 2023 വരെയുള്ള സ്വകാര്യ ഹജ്ജ് നയം 45,000 ക്വാട്ട കിട്ടിയാലുള്ള സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു. എന്നാൽ, ഇപ്രാവശ്യം ക്വാട്ടയിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് സ്വകാര്യ ഹജ്ജ് നയത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാറ്റം വരുത്തിയത്. ക്വാട്ടക്കുള്ള അപേക്ഷ സമർപ്പിച്ച് പരിശോധനക്ക് ശേഷമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ക്വാട്ട അനുവദിക്കുക. നടപടികൾ പൂർത്തിയാക്കി ഉടൻ സ്വകാര്യ ഗ്രൂപ്പുകൾക്കുള്ള ക്വാട്ട അനുവദിക്കാനാണ് നീക്കം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest