Kerala
ദേശീയപാത കേന്ദ്രീകരിച്ച് വന്‍കവര്‍ച്ച; മലയാളി സംഘം പിടിയില്‍
ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പോലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു
തൃശൂര്‍ \ ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച നടത്തിവന്ന മലയാളി സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടില്‍ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇക്കഴിഞ്ഞ പത്തിന് ഗുജറാത്ത് രാജ്കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുംബൈക്ക് വരുന്നതിനിടെ, പുലര്‍ച്ചെ മൂന്നു കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീപാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എഴുപത്തി മൂന്ന് ലക്ഷത്തില്‍പരം രൂപ കൊള്ളയടിക്കുകയായിരുന്നു. വ്യവസായി നല്‍കിയ പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം വാഹന നമ്പറുകള്‍ കണ്ടെത്തിയെങ്കിലും അവ വ്യാജനമ്പറുകളായിരുന്നു. ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കേരളത്തിലെ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പോലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പിടിയിലായവരില്‍ ജിനീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ടിപ്പര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉള്‍പെട്ടയാളാണെന്നും മറ്റ് നിരവധി കൊള്ള സംഭവങ്ങളില്‍ പങ്കുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. ഫൈസല്‍ കോങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കോടിയില്‍ പരം രൂപ കൊള്ളയടിച്ച കേസുള്ളയാളാണ്. കനകാമ്പരനും സതീശനും അതിരപ്പിള്ളിപോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്‍പന നടത്തിയതിന് കേസുകള്‍ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു.വിശദമായി ചോദ്യം ചെയ്തതോടെ ഏഴു കോടി രൂപ വാഹത്തിലുണ്ടായിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരുടെ കൂട്ടാളികളാണ് പണം മുഴുവന്‍ കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നതെങ്കിലും പോലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇവരുടെ കൂട്ടാളികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായും മുംബൈ പോലീസ് അറിയിച്ചു.





