Connect with us

Cover Story

ഉത്തരവാദിത്വ എ ഐ; ഭാവി ജീവിതത്തിന്റെ കരുതല്‍

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ച "ഉത്തരവാദിത്വ എ ഐ' പ്രൊജക്ടുമായി ബന്ധപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും മർകസ് - സമസ്ത പ്രതിനിധികളും നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

Published

|

Last Updated

ഉത്തരവാദിത്വ എ ഐ പ്രൊജക്ടുമായി ബന്ധപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും മർകസ് ദീവാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്

ഡോ. റോഷൻ നൂറാനി: ആദരണീയരായ അതിഥികൾക്ക് മർകസിലേക്ക് സ്വാഗതം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെയും മർകസിന്റെയും പ്രവർത്തനങ്ങൾ മുമ്പ് തന്നെ അറിയാവുന്നതാണല്ലോ. ശൈഖ് അബൂബക്കറിന്റെ ഓരോ പ്രവർത്തനങ്ങളും കാലത്തോട് അനുയോജ്യമായ രൂപത്തിലാണ് ആരംഭിച്ചിട്ടുള്ളത്. മർകസ് സ്ഥാപനങ്ങളും വിദ്യാഭ്യാസ – സാമൂഹിക ക്ഷേമ പദ്ധതികളും പരിശോധിച്ചാൽ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കുമൊപ്പം തന്നെ ആധുനിക മാറ്റങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് കാണാം. ഈ പശ്ചാത്തലത്തിലാണ് പുതിയ കാലഘട്ടത്തിലെ മനുഷ്യരിലും സാമൂഹിക ഘടനകളിലും ബന്ധങ്ങളിലുമൊക്കെ ആഴത്തിലുള്ള സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മൂല്യങ്ങളും നൈതികതയും ധാർമികതയും മുറുകെപ്പിടിക്കുന്നതോടൊപ്പം എങ്ങനെ ഗുണകരമായി സമീപിക്കണമെന്ന ചിന്തയിലേക്കും അതുമായി ബന്ധപ്പെട്ട പദ്ധതിയിലേക്കും ഗ്രാൻഡ് മുഫ്തിയുടെ ആലോചനയെത്തുന്നത്.

ഗ്രാൻഡ് മുഫ്തി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. എങ്ങനെ പഠിക്കുന്നു, ജോലി ചെയ്യുന്നു, ആശയവിനിമയം നടത്തുന്നു, വാണിജ്യം നടത്തുന്നു, അറിവ് നേടുന്നു, സംസ്കാരം സൃഷ്ടിക്കുന്നു, തീരുമാനങ്ങൾ എടുക്കുന്നു എന്നതിനെയെല്ലാം എ ഐ സ്വാധീനിക്കുന്നു. എങ്കിലും പുതിയ സാങ്കേതിക വിദ്യയെന്ന നിലയിൽ മനുഷ്യർക്ക് മുന്നിൽ വലിയ ഉത്തരവാദിത്വങ്ങളും എ ഐ സൃഷ്ടിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ, വിവേചനം, നിരീക്ഷണം, കൃത്രിമത്വം, അസമത്വം എന്നിവ പ്രചരിപ്പിക്കാനും പ്രദാനം ചെയ്യാനും എ ഐ സങ്കേതങ്ങൾക്ക് സാധിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത് അറിവിനെ വളച്ചൊടിക്കുകയും വിദ്യാഭ്യാസത്തെയും തൊഴിലിനെയും ജീവനോപാധികളെയും ബാധിക്കുകയും, പക്ഷപാതങ്ങൾ സൃഷ്ടിക്കുകയും, സ്വകാര്യത ഇല്ലാതാക്കുകയും, മനുഷ്യന്റെ ഉത്തരവാദിത്വത്തെ ബലഹീനമാക്കുകയും ചെയ്യാം. മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, ഉത്തരവാദിത്വം, സാങ്കേതിക ശക്തിയുടെ ധാർമിക അതിർവരമ്പുകൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളും ഇത് ഉയർത്തുന്നു.

മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇവ വെറുമൊരു സാങ്കേതിക ചോദ്യങ്ങൾ മാത്രമല്ല, ധാർമികവും സാമൂഹികവും കർമശാസ്ത്രപരവുമായ ആകുലതകളാണ്. അറിവ് എന്നത് ഒരു അമാനത്തും ഉത്തരവാദിത്വവുമാണ്. നീതി പുലർത്താനും അന്തസ്സ് സംരക്ഷിക്കാനും ദ്രോഹങ്ങൾ ഒഴിവാക്കാനും മറ്റുള്ളവരോട് ഉത്തരവാദിത്വത്തോടെ പെരുമാറാനും വിശുദ്ധ ഖുർആൻ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ കൃത്രിമബുദ്ധിയുടെ ആവിർഭാവം വിശ്വാസപരമായ ചിന്തയിലേക്കും കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, എ ഐയെ എങ്ങനെ ഒരു ഉത്തരവാദിത്വപരമായ സമീപനത്തിലൂടെയും ഇസ്‌ലാമിക ധാർമിക ചട്ടക്കൂടിലൂടെയും സമീപിക്കാം എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഗവേഷണ പദ്ധതിയാണ് ഇപ്പോൾ പുതുതായി നിർദേശിക്കപ്പെടുന്നത്.

സാങ്കേതിക വിദ്യകളെയും ഇസ്‌ലാമിക മൂല്യങ്ങളെയും ഒരേസമയം ഉൾക്കൊള്ളുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ ഞങ്ങളുടെ ഈ ഗവേഷണ പദ്ധതിയെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതിന്റെ പ്രസക്തിയും സാധ്യതകളും എന്താണെന്നാണ് കരുതുന്നത്?

പി എം അൻവർ ഇബ്്റാഹീം: നമുക്ക് ഈ മാറ്റങ്ങൾ അംഗീകരിക്കേണ്ടിവരും. എന്നാൽ അതോടൊപ്പം തന്നെ നമ്മുടെ വിശ്വാസവും മൂല്യങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി.

അങ്ങനെയെങ്കിൽ, ഇസ്‌ലാമികമായ ഒരു ചട്ടക്കൂടിനുള്ളിൽ നിന്ന് കൃത്രിമ ബുദ്ധി എങ്ങനെയാണ് വികസിപ്പിക്കാനാകുക? നൈതികതക്ക് അർഹമായ പ്രാധാന്യം നൽകുകയും മനുഷ്യരുടെ ചിന്തകളെയും മനസ്സുകളെയും നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപകരണമായി എ ഐ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന രീതിയിൽ അത് എങ്ങനെ വികസിപ്പിക്കാം?

ഇപ്പോൾ എ ഐയുടെ വികസനത്തെയും ദിശയെയും പ്രധാനമായും സ്വാധീനിക്കുന്നത് ആരാണ്? പ്രധാനമായും അമേരിക്കയാണ്. നമുക്ക് ബുദ്ധിയും കഴിവും ഉണ്ടായിരിക്കാം. എന്നാൽ ഉദാഹരണത്തിന്, ഒരു വാർത്തയെക്കുറിച്ച് അറിയാൻ നമ്മൾ സെർച്ച് എൻജിനുകൾ ഉപയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? നമുക്ക് ലഭിക്കുന്ന ഉത്തരം ചിലപ്പോൾ വസ്തുതാപരമായിരിക്കാം. എന്നാൽ അതോടൊപ്പം തന്നെ അത് ഒരു പ്രത്യേക കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിച്ചേക്കാം – പ്രത്യേകിച്ച് പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട്.

അതുകൊണ്ടുതന്നെ, ശൈഖിന്റെ ഈ ദർശനം, അൽഹംദുലില്ലാഹ്, വളരെ പ്രധാനപ്പെട്ടതാണ്. ഇതിനെക്കുറിച്ച് നമ്മുടെ യുവാക്കളെ ബോധവത്കരിക്കുകയും, വരാനിരിക്കുന്ന ഭാവിയെ നേരിടാൻ അവരെ തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട്. മലേഷ്യയിലും ഞങ്ങൾ ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ മന്ത്രാലയവുമായി ബന്ധപ്പെട്ട മന്ത്രിമാരും ഈ വിഷയത്തിൽ പ്രവർത്തിച്ചുവരുന്നു. എന്നാൽ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി നൈതികതയും ധാർമിക മൂല്യങ്ങളും ഉറപ്പാക്കുക എന്നതാണ്.

അതുകൊണ്ടാണ് മലേഷ്യയുടെ ദേശീയ ആശയം എന്താണെന്ന് എന്നോട് ചോദിക്കുമ്പോൾ ഞാൻ പറയുന്നത് – ഞങ്ങൾ അതിനെ ‘മദനി’ എന്നാണ് വിളിക്കുന്നത്. മലേഷ്യ ഒരു നെഗാര മദനി ആണ്. പ്രവാചകൻ മുഹമ്മദ്(സ)യുടെ നഗരമായ മദീനയെ ആധാരമാക്കിയുള്ള ഒരു ആശയമാണത്.

അതെ, നമുക്ക് വികസനം വേണം. പുരോഗതി വേണം. ആധുനിക സാങ്കേതികവിദ്യ വേണം. സാമ്പത്തിക രംഗത്ത് അബ്ദുർറഹ്മാൻ ഇബ്‌നു ഔഫിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാവുന്ന തന്ത്രങ്ങളും നമുക്കുണ്ട്. എന്നാൽ അതോടൊപ്പം മൂല്യങ്ങളും പെരുമാറ്റച്ചട്ടവും നിലനിൽക്കണം.

അതിനാൽ, ഈ ആശയം ഞാൻ തീർച്ചയായും ഏറ്റെടുക്കേണ്ടതാണെന്ന് കരുതുന്നു. മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒരു ഫത്‌വ നിലവിലുണ്ട്. അതുകൊണ്ട്, “ഇതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം’ എന്ന് പറഞ്ഞ് മാറിനിൽക്കാൻ എനിക്ക് കഴിയില്ല. ഗ്രാൻഡ് മുഫ്തിയുടെ ജ്ഞാനപൂർണമായ നേതൃത്വത്തിൽ, ഇത് വളരെ വേഗത്തിൽ തന്നെ നടപ്പാക്കേണ്ട ഒരു സംരംഭമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഞാൻ ഈ വിഷയം ഏറ്റെടുക്കുകയും ഇതിനായി ഒരു പ്രവർത്തകസംഘം രൂപവത്കരിക്കുകയും ചെയ്യും.

തീർച്ചയായും, നിങ്ങൾ ഇവിടെ ഇസ്‌ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷനു (ICESCO) മായി സഹകരിക്കുന്നുണ്ട്; വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം മഹാദീർ ഫിക്ർ പോലുള്ള സ്ഥാപനങ്ങളെയും ഇസ്‌ലാമിക സർവകലാശാലകളെയും ഈ സംരംഭത്തിൽ ഉൾപ്പെടുത്താം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രതിഭകളുടെ അറിവും കഴിവും ഈ സംരംഭത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. മാത്രമല്ല, എന്റെ അറിവനുസരിച്ച്, നിരവധി അമുസ്‌ലിംകളും ഈ വിഷയത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. അവർ ഇതിനെ ഇസ്‌ലാമിക കാഴ്ചപ്പാടിൽ കാണുന്നില്ലെങ്കിലും, എ ഐയുടെ നൈതികതയെക്കുറിച്ച് അവർക്കും ഗൗരവമായ ആശങ്കകളുണ്ട്.

കഴിഞ്ഞ വർഷം കൊറിയയിൽ നടന്ന ഏഷ്യ- പസഫിക് ഇക്കണോമിക് കോഓപറേഷൻ (APEC) സമ്മേളനം ഓർക്കുക. അവിടെ എ ഐ ആയിരുന്നു പ്രധാന ചർച്ചാവിഷയം. എ ഐയെക്കുറിച്ച് സംസാരിക്കുമ്പോൾ, പുതിയൊരു തരത്തിലുള്ള അധിനിവേശത്തിന്റെ – ‘ഇസ്തിഅ്മാർ ഫിക്റി വ റൂഹി’, അഥവാ ചിന്തയുടെയും ആത്മാവിന്റെയും അധിനിവേശത്തിന്റെ അപകടത്തെക്കുറിച്ചും നൈതികതയെക്കുറിച്ചും സംസാരിച്ചത് വെറും രണ്ട് പേർ മാത്രമായിരുന്നു. അതിലൊരാൾ ഞാനും മറ്റൊരാൾ ചൈനയിൽ നിന്നുള്ള ചാറ്റ് ജി റ്റി പി മേധാവിയും ആയിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി.

അവിടെ ഉയർന്നുവന്ന പ്രധാന ആശയം ഇതായിരുന്നു: നൈതികതയില്ലെങ്കിൽ എ ഐ നമ്മളെ നിയന്ത്രിക്കും; മൂല്യങ്ങളില്ലെങ്കിൽ മനുഷ്യത്വവും നഷ്ടപ്പെടും. എന്നാൽ, തീർച്ചയായും, അദ്ദേഹം ഈ വിഷയത്തെ പ്രധാനമായും ഭൗതികവാദപരമായ ഒരു കാഴ്ചപ്പാടിൽ നിന്നാണ് സമീപിക്കുന്നത്. നമുക്ക് അതിനേക്കാൾ ഒരു പടി കൂടി ഉയർന്ന തലത്തിൽ ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്.

അതുകൊണ്ട്, ശൈഖേ, ജസാകല്ലാഹു ഖൈറൻ. ഇത് വളരെ മികച്ചതും പ്രസക്തവുമായ ഒരു ആശയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഞങ്ങൾ ഇതിനകം തന്നെ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ അനുഭവങ്ങളും ആശയങ്ങളും പരസ്പരം പങ്കുവെക്കാം. ഈ ആശയത്തെ കൂടുതൽ വികസിപ്പിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്.
തുടർന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം വിദഗ്ധരെയും പണ്ഡിതരെയും ഒരുമിച്ചുകൂട്ടാം. അതോടൊപ്പം മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചും മനുഷ്യന്റെ മൂല്യങ്ങളുടെ-ഇൻസാന്റെ മൂല്യങ്ങളുടെ – നാശത്തെക്കുറിച്ചും ആശങ്കപ്പെടുന്ന എല്ലാ വിഭാഗങ്ങളെ കുറിച്ചുമുള്ള വിദഗ്ധരെയും ഉൾപ്പെടുത്താം. എല്ലാവരെയും ഒരുമിച്ചുകൊണ്ടുവന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കാം.

അതിനാൽ, ശൈഖേ, എന്റെ ഉത്തരം ഇതാണ്: തീർച്ചയായും, ഇതിനായി കൂടുതൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്. ഈ വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ നടത്തുന്നതിനായി ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപവത്കരിച്ച് മുന്നോട്ട് പോകാം, ഇൻശാ അല്ലാഹ്.

ഡോ. റോഷൻ നൂറാനി: ഇരു രാജ്യങ്ങളിലെയും പണ്ഡിതന്മാരെ ഉൾപ്പെടുത്തി ഒരു ഫോറം രൂപവത്കരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

പി എം അൻവർ ഇബ്റാഹീം: ആദ്യം ഒരു പ്രവർത്തകസംഘം രൂപവത്കരിച്ച്, അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ അടുത്ത വർഷത്തോടെ ഈ മേഖലയിലെ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഫോറം സംഘടിപ്പിക്കാനും നമുക്ക് സാധിക്കും.

ഐ സി ഇ എസ് സി ഒയുമായും വിവിധ ഗവേഷണ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ഞാൻ സഹകരിക്കാൻ ശ്രമിക്കും. ആദ്യ ഘട്ടത്തിൽ ദക്ഷിണേഷ്യൻ തലത്തിലോ, കുറഞ്ഞത് ഏഷ്യൻ തലത്തിലോ എങ്കിലും ഈ ഫോറം രൂപവത്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇൻശാ അല്ലാഹ്.

ഡോ. അബ്ദുൽ ഹകീം അസ്ഹരി: ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതിനപ്പുറം, സൂപ്പർ ഇന്റലിജൻസ് എന്ന ആശയവും ഇന്ന് ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

നമ്മുടെ കാലഘട്ടം വളരെ വേഗത്തിൽ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഭാവിയിലും ഈ മാറ്റങ്ങൾ തുടർന്നുകൊണ്ടിരിക്കും. അതിനാൽ, ഭാവി കൂടുതൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതായിരിക്കാനും, നിരന്തരം മാറിക്കൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഇത്തരം മാറിക്കൊണ്ടിരിക്കുന്നതും അനിശ്ചിതത്വം നിറഞ്ഞതുമായ ഭാവിയോട് എങ്ങനെ പൊരുത്തപ്പെടണം എന്നതിനെക്കുറിച്ച് മനുഷ്യരെ പ്രചോദിപ്പിക്കുകയും, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

അത്തരത്തിലുള്ള ചിന്തകളും സമീപനങ്ങളും വികസിപ്പിക്കുന്നതിലൂടെ, ഭാവിയിലെ മാറ്റങ്ങളെ കൂടുതൽ ഉത്തരവാദിത്വത്തോടെയും ക്രിയാത്മകമായും നേരിടാനും മനുഷ്യ സമൂഹത്തിന് കൂടുതൽ നല്ല രീതിയിൽ ജീവിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്:
മുഹ്‌സിൻ സഖാഫി എളാട്, മുബശ്ശിർ മുഹമ്മദ് നൂറാനി

Content Highlights:
Indian Grand Mufti Sheikh Aboubakr Ahmad and Malaysian Prime Minister Anwar Ibrahim discussed developing an ethical framework for Artificial Intelligence rooted in Islamic values. Anwar Ibrahim agreed to form a working group and collaborative forum with universities to prevent AI misuse.

 

Latest