Kerala
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമാക്കാം: ഹൈക്കോടതി
1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി
കൊച്ചി | ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ വാക്കാല്‍ പരാമര്‍ശിച്ചത്. സംഭവം ആചാര ലംഘനമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്നും നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് നിയമങ്ങള്‍ ഉപയോഗിക്കേണ്ടത്. 2023 സെപ്റ്റംബര്‍ എഴിനു നായിരുന്നു അഷ്ടമിരോഹിണി നാളിലാണ് സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്.


