Kerala
രാജ്ഭവനിലെ പരിപാടിയില്‍ ആര് എസ് എസ് ഉപയോഗിക്കുന്ന ചിത്രം; സര്‍ക്കാര്‍ ബഹിഷ്കരിച്ചു
പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ നിന്നു ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അതിന് തയ്യാറായില്ല

തിരുവനന്തപുരം | ഔദ്യോഗിക പരിപാടിയില്‍, ആര് എസ് എസ് വേദിയില്‍ ഉപയോഗിക്കുന്ന ഭാരത് മാതാവിന്റ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു. പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ നിന്നു ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രി പ്രസാദ് പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് സര്‍ക്കാര്‍ പരിപാടി സ്വന്തം നിലക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്ഭവന് മെയിന്‍ ഹാളില്‍ വേദിയില്‍ ആര് എസ് എസ് ഉപയോഗിക്കുന്ന ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേദി സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പതു മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് രാവിലെ കൃഷി വകുപ്പില്‍ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു.
പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തു. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.