Kozhikode
ഗോള്‍ഡന്‍ റെയ്സ് സമ്മര്‍ ക്യാമ്പ് സമാപിച്ചു
സമാപന ചടങ്ങ് കേരള വോളിബോള്‍ അസോസിയേഷന് സെക്രട്ടറി സി സത്യന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക ആതിര കൃഷ്ണന് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് | വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി പ്രിസം പദ്ധതിയില്‍ ഉള്‍പ്പെട്ട കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്ത് ദിവസമായി നടന്നുവന്ന സമ്മര്‍ ക്യാമ്പ് വെള്ളിയാഴ്ച സമാപിച്ചു. മെയ് 10ന് ആരംഭിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് കേരള വോളിബോള്‍ അസോസിയേഷന് സെക്രട്ടറി സി സത്യന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക ആതിര കൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍, പ്രിന്‍സിപ്പല്‍ മനോജ് കെ പി, ഹെഡ്മിസ്ട്രസ് ഷാദിയ ബാനു പി, വിദ്യാര്‍ഥി പ്രതിനിധി സിയ മുഹമ്മദ് ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടികളുടെ കലാ കായിക ക്രിയാത്മക അഭിരുചികള്‍ വളര്‍ന്നു വരുന്നതിന് ഉതകുന്ന വിവിധതരം പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു. ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, കരാട്ടെ, നാടന്‍ പാട്ട് എന്നീ മേഖലകളില്‍ ക്യാമ്പ് നടത്തി. അതോടൊപ്പം അഗ്നിശമന സേന, പ്രഥമ ശുശ്രൂഷ, സ്വയം പ്രതിരോധം, പാവകളി, കുടനിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം, ഫിനോയില്‍ നിര്‍മാണം, വായ്ത്താരി, ആരോഗ്യകരമായ ഭക്ഷണം, പൗരബോധം, ലഹരി വിരുദ്ധം തുടങ്ങിയ ക്ലാസുകളും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിച്ചു. സമാപന ദിവസം കുട്ടികളുടെ കലാ കായിക പരിപാടികളും നടന്നു.