Kerala
വിവാഹവേളയില്‍ ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്ത്; പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി
ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്

കൊച്ചി | വിവാഹവേളയില്‍ വധുവിന് ലഭിക്കുന്ന സ്വര്‍ണവും പണവും സ്ത്രീക്കുള്ള ധനമാണെന്ന് ഹൈക്കോടതി. അത് വധുവിന്റെ മാത്രം സ്വത്താണ്. പലപ്പോഴും ഇത്തരം കൈമാറ്റങ്ങള്‍ക്ക് രേഖയോ തെളിവോ ഉണ്ടാകാറില്ലെന്നും അതിനാല്‍ പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കളമശ്ശേരി സ്വദേശി രശ്മിയുടെ ഹരജിയിലാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഗാര്‍ഹികപീഡന, സ്ത്രീധനപീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബകോടതി നിരസിച്ചതോടെ ഹരജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
59.5 പവന്‍ സ്വര്‍ണമോ, ഇതിന്റെ വിപണി വിലയോ തിരികെ നല്‍കാന്‍ ഹൈക്കോടതി ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ടെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും വധുവിന് നിഷേധിക്കപ്പെടുകയാണ്. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തെളിവ് ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നത് കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണന്നും കോടതി പറഞ്ഞു.