Connect with us

National

ഇന്ത്യാ സഖ്യത്തിന്റെ ഭാവി: സുപ്രധാന യോഗം ഇന്ന്

നേരിട്ട് വിമര്‍ശിക്കാന്‍ സി പി എം പ്രതിനിധി എത്തും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാട് ഇല്ലായ്മ മൂലം പ്രതിസന്ധിയിലായിരിക്കെ സുപ്രധാന യോഗം ഇന്ന്. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ എത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും സഖ്യത്തിന്റെ ഭാവി.
പന്ത്രണ്ട് മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം. പശ്ചിമബംഗാളിലെ തൃണമൂല്‍ എം പി മാരെ കൂട്ടത്തോടെ റാഞ്ചാന്‍ ബി ജെ പി പദ്ധതി തയ്യാറാക്കിയ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ചില പാര്‍ട്ടികള്‍ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നുമാണ് എ ഐ സി സി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കും. യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ രാജ്യസഭ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ ജെ എം എമ്മും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ല എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യവും കേരളത്തില്‍ ബി ജെ പി-സി പി എം ഡീല്‍ ആണെന്ന ആരോപണവുമാണ് സി പി എം പ്രതിഷേധത്തിന് ആധാരം. ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികള്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യം വന്നു ചേരുന്ന ഘട്ടത്തില്‍ രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത വിധം നലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്സിന്റെ രീതികളെയാണ് സി പി എം തുറന്നുകാട്ടുക.

ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ‘മോദി – പിണറായി ഡീല്‍’ പ്രചാരണം ഖര്‍ഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തുവെന്നും ബേബി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാന്‍ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നുമാണ് ബേബിയുടെ വിമര്‍ശനം.

ജനറല്‍ സെക്രട്ടറിയോ പി ബി അംഗങ്ങളോ പങ്കെടുക്കാത്ത ഇന്നത്തെ യോഗത്തിലേക്ക് പ്രതിനിധിയായി പോകുന്ന ജോണ്‍ ബ്രിട്ടാസ് എം പിയാകും പ്രതിഷേധം അറിയിക്കുക. ജാര്‍ഖണ്ഡിലെ രാജ്യസഭ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെ എം എമ്മും പ്രതിഷേധം അറിയിക്കും.

ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങള്‍ ഭാഗമാകില്ലെന്നുമാണ് എം കെ സ്റ്റാലിനും ഡി എം കെയും അറിയിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതല്‍ അതിന്റെ ശക്തമായ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്നത് സ്റ്റാലിന്‍ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികള്‍ക്കും ബോധ്യമുള്ള കാര്യമാണെന്നും പാര്‍ട്ടി ഓര്‍മ്മിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യത്തിലെ മറ്റ് കക്ഷികള്‍ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങള്‍ക്ക് ഡി എം കെയുടെ പൂര്‍ണ്ണ പിന്തുണയും ശബ്ദവും തുടര്‍ന്നും ഉണ്ടാകുമെന്നും തങ്ങള്‍ ഉയര്‍ത്തിയ പോരാട്ടങ്ങളില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

 

Latest