Connect with us

vizhinjam port

വിഴിഞ്ഞത്ത് മഞ്ഞുരുക്കം

തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്നത് സര്‍ക്കാറിന്റെ ഉറച്ച തീരുമാനമാണെന്നും അത് നിര്‍ത്തിവെക്കുന്ന പ്രശ്‌നമേയില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചാവേളയിലും മുഖ്യന്ത്രി തറപ്പിച്ചു പറഞ്ഞു. എങ്കിലും സമരത്തില്‍ നിന്ന് പിന്തിരിയാന്‍ സമരക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Published

|

Last Updated

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിവന്ന സമരം പിന്‍വലിച്ച ലത്തീന്‍ കാത്തോലിക്കാ സഭയുടെ തീരുമാനം ആശ്വാസകരമാണ്. സമര സമിതി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കിലും സമവായത്തിന്റെ ഭാഗമായി സമരം അവസാനിപ്പിക്കുകയാണെന്നാണ് സമര സമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍ യൂജിന്‍ എച്ച് പെരേര അറിയിച്ചത്. എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നായിരുന്നു സമര സമിതിയുടെ മുഖ്യ ആവശ്യം. എന്നാല്‍ തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്നത് സര്‍ക്കാറിന്റെ ഉറച്ച തീരുമാനമാണെന്നും അത് നിര്‍ത്തിവെക്കുന്ന പ്രശ്‌നമേയില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചാവേളയിലും മുഖ്യന്ത്രി തറപ്പിച്ചു പറഞ്ഞു. എങ്കിലും സമരത്തില്‍ നിന്ന് പിന്തിരിയാന്‍ സമരക്കാര്‍ തീരുമാനിക്കുകയായിരുന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ മുന്‍കൈ എടുത്താണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ജൂലൈ 20നാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലാക്കിയ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തി ലത്തീന്‍ കത്തോലിക്ക സഭയാണ് സമരം ആസൂത്രണം ചെയ്തത്. സമരവുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും വിവരങ്ങളും ലത്തീന്‍ അതിരൂപതക്കു കീഴിലെ പള്ളികളില്‍ നിന്നാണ് വിശ്വാസികളെ അറിയിച്ചിരുന്നത്. ആഗസ്റ്റ് 16ന് സമരം തുറമുഖ കവാടത്തിലേക്ക് മാറ്റി. ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കത്തോലിക്കാ സഭ വഴങ്ങിയില്ല. അതിനിടെ ലത്തീന്‍ അതിരൂപത നേതൃത്വവുമായി സി പി എം സംസ്ഥാന സെക്രട്ടറിയും ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന സഭയുടെ ആവശ്യത്തില്‍ തട്ടി ഈ ചര്‍ച്ചകളൊക്കെ പരാജയപ്പെടുകയായിരുന്നു.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുമെന്ന ഭീതി, മന്ത്രി അബ്ദുര്‍റഹ്‌മാനെതിരെ തുറമുഖ സമര സമിതി കണ്‍വീനര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ, വിദ്വേഷ പരാമര്‍ശം ഉയര്‍ത്തിയ പ്രതിഷേധം, സമരത്തോടനുബന്ധിച്ച് വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വളഞ്ഞ് വന്‍ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സമരവിരുദ്ധ വികാരം, നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംഘടിച്ച് ജനകീയ സമിതിയുടെ ബാനറില്‍ ലത്തീന്‍ അതിരൂപതയുടെ സമരത്തിനെതിരെ ഉപവാസ സമരവുമായി രംഗത്തു വന്നതുമെല്ലാമാണ് സമരം പിന്‍വലിക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയതെന്നാണ് നിരീക്ഷണം. തുറമുഖ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിഴിഞ്ഞത്ത് സമരം മൂലം തുറമുഖ നിര്‍മാണം തടസ്സപ്പെട്ടുവെന്നും നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ കേരള സര്‍ക്കാറില്‍ നിന്ന് സുരക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പിണറായി സര്‍ക്കാര്‍ കേന്ദ്ര സേനയെ വിളിക്കുന്നതിന് സമ്മതം മൂളിയത്. സേന വന്നാല്‍ കളിമാറുമെന്നും തങ്ങളുടെ വിരട്ടലൊന്നും വിലപ്പോകില്ലെന്നും കത്തോലിക്കാ സഭക്കറിയാം. ഈ പശ്ചാത്തലത്തിലാണ് സീറോ മലങ്കര കാത്തോലിക്കാ സഭാ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവയെ തിരക്കിട്ട് മാധ്യസ്ഥ ശ്രമത്തിനിറക്കിയതും സര്‍ക്കാറില്‍ നിന്ന് പുതിയ ഉറപ്പൊന്നും ലഭിക്കാതിരുന്നിട്ടും സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും.

തുറമുഖ മേഖലയില്‍ കടുത്ത സംഘര്‍ഷം സൃഷ്ടിച്ച 140 ദിവസത്തെ സമരം എന്ത് നേടിയെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ നാല് കാര്യങ്ങളാണ് സമര സമിതി മുന്നോട്ടു വെച്ചത്. കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മാസ വാടക 5,500 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തുക, ഇതിനുള്ള തുകക്ക് അദാനി ഫണ്ടിനെ ആശ്രയിക്കാതെ സര്‍ക്കാര്‍ സ്വയം കണ്ടെത്തുക, സമരവുമായുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കുന്ന സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തുക. നഷ്ട പരിഹാരത്തിനുള്ള ഫണ്ടിന് അദാനിയെ ആശ്രയിക്കില്ലെന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. മറ്റെല്ലാം നിരാകരിക്കുകയായിരുന്നു. തുറമുഖ നിര്‍മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി വരുന്ന കൂടുതല്‍ കാലതാമസവുമാണ് സമരത്തിന്റെ “നേട്ടം’.

സര്‍ക്കാറിനുമുണ്ട് സമരം കൊണ്ട് നഷ്ടങ്ങളേറെ. 2015 ആഗസ്റ്റില്‍ തുടങ്ങിയ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടം കരാര്‍ പ്രകാരം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഈ കാലാവധിക്കകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആദ്യം മൂന്ന് മാസവും പിന്നീട് പിഴയോടു കൂടി ആറ് മാസവും നീട്ടിക്കൊടുക്കാം. ഇങ്ങനെ നീട്ടിക്കൊടുക്കുന്ന ഘട്ടത്തില്‍ ദിനംപ്രതി 12 ലക്ഷം രൂപ നിരക്കിലാണ് കമ്പനി പിഴ നല്‍കേണ്ടത്. ഇതുപ്രകാരം ചൊവ്വാഴ്ച വരെ ഏതാണ്ട് 28 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാറിന് അദാനി ഗ്രൂപ്പ് നല്‍കേണ്ടതാണ്. ഇതിന് പുറമെ പലിശയും ഈടാക്കാം. അതേസമയം സമരത്തിന്റെ പേരില്‍ നിര്‍മാണത്തിന് കമ്പനിക്കാവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ സമര ദിവസങ്ങളിലെ നഷ്ടപരിഹാരം കമ്പനി നല്‍കാന്‍ സാധ്യത കുറവാണ്. സമരത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളെല്ലാം സമരത്തിന് ചുക്കാന്‍ പിടിച്ച ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനായിരുന്നു സര്‍ക്കാറിന്റെ നേരത്തേയുള്ള തീരുമാനം. സമരം അവസാനിപ്പിച്ച സ്ഥിതിക്ക് നഷ്ടം അവരില്‍ നിന്ന് ഈടാക്കേണ്ടതില്ലെന്നതാണ് പുതിയ നിലപാടെന്ന് മനസ്സിലാകുന്നു.