International
ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി പ്രധിഷേധം: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലിറങ്ങി അധ്യാപകരും
വിദ്യാര്‍ത്ഥി പ്രധിഷേധത്തില്‍ എല്ലാവരും പോലീസിനെ വെറുക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം
പാരീസ് | ഫ്രാന്‍സില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രധിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലിറങ്ങി അധ്യാപകരും. സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ മറീന്‍ മോണിന്‍സ് ലില്ലെയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി പ്രധിഷേധത്തില്‍ എല്ലാവരും പോലീസിനെ വെറുക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം.
ഇരിക്കാന്‍ ആവശ്യത്തിന് കസേരകളില്ലാത്തതിനാല്‍ ഓരോ ക്ലാസ് തുടങ്ങുമ്പോഴും ഞങ്ങള്‍ കസേരകള്‍ തേടി നടക്കേണ്ട അവസ്ഥയാണന്നും ഉച്ചഭക്ഷണത്തിനായി 2,000 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ക്യാന്റീനില്‍ നിന്നും 50 മിനിറ്റ് മാത്രമേ ലഭിക്കുന്നൊള്ളൂയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ പഠിക്കുന്ന ഫ്രാന്‍സിലെ സെക്കന്‍ഡറി സ്‌കൂളുകളായ ലിസീകളില്‍ അധ്യാപകരുടെ അസൗകര്യങ്ങളും കാരണം കഴിഞ്ഞ മാസം അവസാനം മുതല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. ചില ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പിന്നോട്ട് പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.
അവരുടെ കൈവശം സൈന്യവും പോലീസും അധികാരവുമെല്ലാമുണ്ടെങ്കിലും ഞങ്ങളുടെ കൂടെയുള്ളത് ബഹുജനശക്തിയാണന്ന് ലില്ല മാര്‍ച്ചിനിടെ പതിനെട്ടുകാരിയായ മാസിച്ചെല്ല പറഞ്ഞു. അക്രമാസക്തമായി മാറിയ പ്രതിഷേധങ്ങള്‍ ഫ്രാന്‍സിലെ രാഷ്ട്രീയത്തിലെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് പൊതുവികാരം മുതലെടുക്കാന്‍ തീവ്ര വലതുപക്ഷ, തീവ്ര ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ട്.
പാരീസിലെ പ്രദേശമായ ക്രെറ്റെയിലിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയിലുള്ള ലിസീ ആന്റോയിന്‍ ഡി സെന്റ് എക്‌സുപെറിയില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തുടനീളം വലിയ ചലനമാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് മറ്റ് സ്‌കൂളുകളിലെ ഇടനാഴികളിലൂടെ എലികള്‍ ഓടുന്നതും തകര്‍ന്ന ടോയ്ലറ്റുകളും ഭിത്തികളിലെ വിള്ളലുകളും പൂപ്പല്‍ പിടിച്ച മേല്‍ക്കൂരകളും കാണിക്കുന്ന വീഡിയോകള്‍ ടിക്ക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെട്ടു.
വേനല്‍ക്കാലത്ത് അസഹനീയമായ ചൂടും ശൈത്യകാലത്ത് അതിശക്തമായ തണുപ്പുമുള്ള ക്ലാസ് മുറികളിലും ഇരിക്കേണ്ടിവരുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. നീണ്ട സ്‌കൂള്‍ സമയങ്ങള്‍, ജീവനക്കാരുടെ കുറവ്, തിങ്ങിനിറഞ്ഞ ക്ലാസ് മുറികള്‍, സര്‍വ്വകലാശാലാ പ്രവേശന രീതികള്‍ എന്നിവക്കെതിരെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന റാലിയില്‍ 2,50,000 പേര്‍ പങ്കെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പങ്കെടുത്തവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരുമെന്നാണ് ട്രേഡ് യൂണിയനുകള്‍ അവകാശപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും തെരുവിലിറങ്ങുന്നു എന്നത് ഗൗരവം ചൂണ്ടിക്കാണിക്കുന്നു.


