International
എണ്ണക്കമ്പനികള്‍ക്കായി പ്രത്യേക ഡോളര്‍ സംവിധാനം: രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ റിസര്‍വ് ബേങ്ക്
രൂപയുടെ മൂല്യം താഴ്ന്നതിനതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു പ്രഖ്യാപനം
ന്യൂഡല്‍ഹി | രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ക്കായി പ്രത്യേക ഡോളര്‍ സംവിധാനമൊരുക്കി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. രൂപയുടെ മൂല്യം താഴ്ന്നതിനതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു പ്രഖ്യാപനം. സ്‌പോട്ട് മാര്‍ക്കറ്റിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ ദൈനംദിന ഡോളര്‍ ആവശ്യങ്ങള്‍ക്കായാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനമൊരുക്കുന്നത്. കറന്‍സി വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കാറുള്ള ഈ സംവിധാനത്തിലൂടെ റിസര്‍വ് ബേങ്കിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ നിന്ന് നേരിട്ട് എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ ലഭ്യമാക്കും. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഈ സൗകര്യം വഴി ഡോളര്‍ ലഭ്യമാകുമെന്ന് ആര്‍ ബി ഐ അറിയിച്ചു.
രൂപയുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ട്രേഡഡ് കറന്‍സി ഡെറിവേറ്റീവുകളിലെ പരിധി 100 ദശലക്ഷം ഡോളറില്‍ നിന്ന് 5 ദശലക്ഷം ഡോളറായി ആര്‍ ബി ഐ വെട്ടിക്കുറച്ചു. ഡോളര്‍ സമാഹരിക്കുകയും പോളിസി നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടും രൂപയുടെ മൂല്യത്തിലുള്ള സമ്മര്‍ദ്ദം തുടരുകയാണ്. വെള്ളിയാഴ്ച ഒരു ഡോളറിന് 96.73 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇത് മുന്‍ ദിവസത്തെ ക്ലോസിംഗില്‍ നിന്ന് കാര്യമായ മാറ്റമില്ലാത്തതും മെയ് മാസത്തില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 96.96നോട് വളരെ അടുത്തതുമാണ്.


