Connect with us

Kerala

മക്കോക്ക മോഡല്‍ നിയമം രൂപരേഖ തയ്യാറാക്കാന്‍ നാലംഗ സമിതി; നേതൃത്വം ചീഫ് സെക്രട്ടറിക്ക്

മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിന് തൊട്ട് മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തുന്നതിന് ശിപാര്‍ശ നല്‍കിയതായി പറഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാനത്ത് മക്കോക്ക മോഡല്‍ നിയമ നിര്‍മാണം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സമിതി രൂപവത്കരിച്ചു.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം വേണമെന്ന നിര്‍ദേശം പല കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇത്തരം നിര്‍ദേശങ്ങള്‍ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണമെങ്കിലും സമയബന്ധിതമായി രൂപരേഖ സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണറിയുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുന്‍ അഡീഷനല്‍ എ ജി അഡ്വ. കെ കെ രവീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട സമിതിയാണ് നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നത്. കെ കെ രവീന്ദ്രനാഥ് നിലവില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സമിതി അഭിഭാഷകനാണ്.

അതേസമയം, നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാറിന് മുന്നില്‍ ഒരു ഫയലുമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കുമേല്‍ ഒരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അത്തരത്തിലുള്ള നിര്‍ദേശം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുള്ള മക്കോക്ക മോഡല്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിന് തൊട്ട് മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തുന്നതിന് ശിപാര്‍ശ നല്‍കിയതായി പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് സമിതിയെന്ന വിശദീകരണമാണ് ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ സര്‍ക്കാര്‍ നല്‍കുന്നത്.