Connect with us

National

ഹരിയാന മുന്‍ എം.എല്‍.എ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു

വെടിവെപ്പില്‍ നഫെ സിങ് റാത്തിയോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

Published

|

Last Updated

രൊഹ്തക്| ഹരിയാനയില്‍ രണ്ടു തവണ എം.എല്‍.എ ആയിരുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സംസ്ഥാന അധ്യക്ഷന്‍ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. വെടിവെപ്പില്‍ നഫെ സിങ് റാത്തിയോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഢ് റെയില്‍വേ ക്രോസിലായിരുന്നു സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന നഫെ സിങ്ങിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള രണ്ടുപേര്‍ക്കുകൂടി വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെടിയേറ്റ ഉടന്‍ തന്നെ ബ്രം ശക്തി സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും നഫെ സിങ് മരിച്ചിരുന്നു.

അക്രമികള്‍ എത്തിയത് കാറിലാണെന്നാണ് വിവരം. വെടിവെപ്പിനുശേഷം അജ്ഞാത സംഘം രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കുറ്റവാളികളില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പ്രതികരിച്ചു.  അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ജ് വ്യക്തമാക്കി.

സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും എസ്.ടി.എഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഝജ്ജാര്‍ എസ്.പി അര്‍പിത് ജെയിന്‍ അറിയിച്ചു. നഫെ സിങിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നെന്നും സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഐ.എന്‍.എല്‍.ഡി നേതാക്കള്‍ ആരോപിച്ചു.