Aksharam Education
ഇന്ത്യയെ കണ്ട പ്രാചീന സഞ്ചാരികൾ
നമ്മുടെ രാജാക്കന്മാർ സ്വന്തം ചരിത്രം അധികം എഴുതിവെച്ചില്ല.
നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരവും അറിവും തേടി പ്രാചീന കാലം മുതൽക്കേ നിരവധി വിദേശ സഞ്ചാരികൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പഠനത്തിനും ഭരണസംവിധാനങ്ങൾ മനസ്സിലാക്കാനും മതത്തെക്കുറിച്ച് പഠിക്കാനുമാണ് നിരവധി പേർ എത്തിയത്. അവർ എഴുതിവെച്ച യാത്രാവിവരണങ്ങളാണ് അന്നത്തെ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചരിത്രം മനസ്സിലാക്കാൻ ഇന്നത്തെ ചരിത്രകാരന്മാരെ ഏറെ സഹായിച്ചത്. നമ്മുടെ രാജാക്കന്മാർ സ്വന്തം ചരിത്രം അധികം എഴുതിവെച്ചില്ല.
ആ കുറവ് നികത്തിയത് ഇന്ത്യയിലെത്തിയ ഗ്രീക്കുകാരും ചൈനക്കാരും അറബികളുമായിരുന്നു. കാൽനടയായും കടൽമാർഗവും കഠിനമായ യാത്രകൾ ചെയ്താണ് സഞ്ചാരികൾ ഇന്ത്യയിലെത്തിയത്. ഇന്ത്യയെക്കുറിച്ചുള്ള അവരുടെ നിഷ്പക്ഷമായ നിരീക്ഷണങ്ങൾ നമ്മുടെ ചരിത്രം പുനർനിർമിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ പഴയകാല പ്രതാപവും ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളും മനസ്സിലാക്കാൻ ഇവരുടെ യാത്രാവിവരണങ്ങൾ വലിയ സഹായമാണ് നൽകുന്നത്.
ഫാഹിയാൻ (Fa-Hien)
ചൈനക്കാരനായ ഫാഹിയാൻ എ ഡി അഞ്ചാം നൂറ്റാണ്ടിലാണ് (399–414) നമ്മുടെ നാട് സന്ദർശിക്കുന്നത്. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് ബുദ്ധതീർഥാടകൻ കൂടിയാണ് ഫാഹിയാൻ. ഗുപ്ത രാജാവായിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമന്റെ (വിക്രമാദിത്യൻ) ഭരണകാലത്താണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ബുദ്ധമത ഗ്രന്ഥങ്ങൾ ശേഖരിക്കുകയായിരുന്നു ഇന്ത്യയിലെത്തിയതിന്റെ പ്രധാന ലക്ഷ്യം. അന്നത്തെ ഗുപ്തസാമ്രാജ്യത്തിലെ സമാധാനപരമായ അന്തരീക്ഷത്തെക്കുറിച്ചും ജനങ്ങളുടെ ലളിത ജീവിതത്തെക്കുറിച്ചും അദ്ദേഹം ഡയറിക്കുറിപ്പുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹുയാൻ സാംഗ് (Hiuen Tsang)
വർധന രാജവംശത്തിലെ പ്രശസ്ത രാജാവായിരുന്ന ഹർഷവർധനന്റെ ഭരണകാലത്താണ് ഹുയാൻ സാംഗ് ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയിലെത്തിയ ചൈനക്കാരനായ മറ്റൊരു സഞ്ചാരിയാണ് ഹുയാൻ സാംഗ്. എ ഡി ഏഴാം നൂറ്റാണ്ടിൽ (629–645) ഇന്ത്യയിലെത്തിയ അദ്ദേഹത്തെ തീർഥാടകരുടെ രാജകുമാരൻ എന്നാണ് വിളിച്ചിരുന്നത്. പ്രശസ്തമായ നളന്ദ സർവകലാശാലയിൽ അദ്ദേഹം വർഷങ്ങളോളം ബുദ്ധമതത്തെക്കുറിച്ച് പഠിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ ലോകത്തെക്കുറിച്ചുള്ള രേഖകൾ എന്ന അദ്ദേഹത്തിന്റെ പുസ്തകം അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ്. ചൈനീസ് സഞ്ചാരികളിൽ ഏറ്റവും പ്രശസ്തനാണ് ഹുയാൻ സാംഗ്.
മെഗസ്തനീസ് (Megasthenes)
ബി സി നാലാം നൂറ്റാണ്ടിലെത്തിയ മെഗസ്തനീസിന്റെ രാജ്യം ഗ്രീസ് ആയിരുന്നു. മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്താണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സെലൂക്കസ് നിക്കേറ്റർ എന്ന ഗ്രീക്ക് രാജാവിന്റെ അംബാസഡറായിരുന്നു അദ്ദേഹം. മൗര്യ തലസ്ഥാനമായ പാടലീപുത്രത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം എഴുതിയ ഇൻഡിക എന്ന പുസ്തകത്തിൽ മൗര്യഭരണത്തെക്കുറിച്ചും അന്നത്തെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകുന്നുണ്ട്.
അൽ ബിറൂനി (Al-Biruni)
പേർഷ്യൻ സഞ്ചാരിയായ അൽ ബിറൂനി ഉസ്ബെക്കിസ്താൻകാരനാണ്. എ ഡി പതിനൊന്നാം നൂറ്റാണ്ടിൽ (1017) സുൽത്താൻ മഹ്‌മൂദ് ഗസ്നിയുടെ ഇന്ത്യ ആക്രമണ സമയത്താണ് അൽ ബിറൂനി ഇന്ത്യയിലെത്തുന്നത്. അദ്ദേഹം ഇന്ത്യയിൽ താമസിച്ച് സംസ്കൃതം പഠിക്കുകയും ഇന്ത്യൻ തത്ത്വചിന്തകളും ശാസ്ത്രവും മനസ്സിലാക്കുകയും ചെയ്തു. കിതാബുൽ ഹിന്ദ് എന്ന അദ്ദേഹത്തിന്റെ പുസ്തകം മധ്യകാല ഇന്ത്യയുടെ തുടക്കത്തിലെ മത-സാമൂഹിക ആചാരങ്ങളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ്.
Content Highlights:
Foreign travelers played a key role in documenting ancient India’s socio-political history through unbiased travelogues. Key figures include Megasthenes, Fa-Hien, Hiuen Tsang, and Al-Biruni, who provided valuable accounts of various dynasties. Their writings remain foundational sources for historians.





