Connect with us

Editorial

ഭക്ഷ്യ ധൂര്‍ത്തും പാഴാകുന്ന ഭക്ഷണങ്ങളും

പ്രതിവര്‍ഷം 105 കോടി ടണ്‍ ഭക്ഷണം അഥവാ ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 19 ശതമാനം ലോകം പാഴാക്കുന്നുവെന്നാണ് ഏറ്റവും പുതിയ ഫുഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ലോകത്ത് 80 കോടി ആളുകള്‍ പട്ടിണി കിടക്കവെയാണ് ഇത്രയേറെ ഭക്ഷണം മാലിന്യമായി തള്ളുന്നത്.

Published

|

Last Updated

പാഴായിപ്പോകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഫുഡ് വേസ്റ്റ് ഇന്‍ഡക്സ് റിപോര്‍ട്ട് ആഗോള സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പ്രതിവര്‍ഷം 105 കോടി ടണ്‍ ഭക്ഷണം അഥവാ ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 19 ശതമാനം ലോകം പാഴാക്കുന്നുവെന്നാണ് ഏറ്റവും പുതിയ ഫുഡ് വേസ്റ്റ് ഇന്‍ഡക്സ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ലോകത്ത് 80 കോടി ആളുകള്‍ പട്ടിണി കിടക്കവെയാണ് ഇത്രയേറെ ഭക്ഷണം മാലിന്യമായി തള്ളുന്നത്. വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്നത്. 60 ശതമാനം. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവ 28 ശതമാനം പാഴാക്കുന്നു. ഇസ്റാഈല്‍ അധിനിവേശത്തെയും ഉപരോധത്തെയും തുടര്‍ന്ന് മുഴുപ്പട്ടിണിയിലായ ഗസ്സയിലെ ഫലസ്തീനികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് പാഴാക്കുന്ന ഭക്ഷണത്തിന്റെ പുതിയ കണക്ക് പുറത്തു വരുന്നത്.

ഭക്ഷണം പാകം ചെയ്ത ശേഷം പാഴാകുന്നതിന്റെ മാത്രം കണക്കല്ല ഇത്, ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത് തൊട്ട് തീന്‍ മേശയിലെത്തുന്നതിനിടയില്‍ വിവിധ ഘട്ടങ്ങളിലായി സംഭവിക്കുന്ന നഷ്ടങ്ങളുടേതാണ്. വിത്തിറക്കല്‍, വിളകള്‍ വളര്‍ത്തി വലുതാക്കല്‍, വിളവെടുപ്പ്, സംസ്‌കരണം, വ്യാപാരത്തിനായി വിവിധ സ്ഥലങ്ങളില്‍ എത്തിക്കല്‍, വ്യാപാരം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഭക്ഷ്യ വസ്തുക്കള്‍ പാഴായിപ്പോകുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 13 ശതമാനം വിളവെടുപ്പിനും ചില്ലറ വില്‍പ്പനക്കും ഇടയിലാണ് നഷ്ടമാകുന്നതെന്നാണ് കണക്ക്. ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവയാണ് ഉത്പാദന, വിതരണ ഘട്ടങ്ങളിലെ നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സൊമാലിയ, ദക്ഷിണ സുഡാന്‍, വടക്കന്‍ നൈജീരിയ, അഫ്ഗാനിസ്താന്‍, സിറിയ, എത്യോപ്യ, മൊസാംബിക്, മാലി തുടങ്ങി നിരവധി രാജ്യങ്ങള്‍ കടുത്ത പട്ടിണിയിലാണ്. ആഗോള സമൂഹം പാഴാക്കിക്കളയുന്ന ഭക്ഷണം മതി ലോകത്തെ പട്ടിണിപ്പാവങ്ങളുടെ വയറു നിറക്കാന്‍. പട്ടിണി രാജ്യങ്ങളെന്നറിയപ്പെടുന്ന മേല്‍ രാഷ്ട്രങ്ങളില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളില്‍ വരെയുമുണ്ട് കൊടും പട്ടിണിക്കാരും അര്‍ധ പട്ടിണിക്കാരും പോഷകക്കുറവ് കാരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരും. കഴിഞ്ഞ ഡിസംബറില്‍ പുറത്തു വന്ന 2013ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്താണ്.

കേവലം മാനുഷികമോ സാമൂഹികമോ ആയ പ്രശ്നമല്ല ഭക്ഷണം പാഴാക്കല്‍. പരിസ്ഥിതി ആഘാതം തുടങ്ങി ഗുരുതരമായ പ്രശ്നങ്ങള്‍ക്കിത് ഇടയാക്കുന്നുണ്ട്. ബാക്കിയാകുന്ന ഭക്ഷണം ചവറ്റുകൊട്ടയിലും തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലുമാണ് തള്ളുന്നത്. മാലിന്യക്കൂമ്പാരങ്ങളിലെ ഭക്ഷണം മീഥെയിന്‍ എന്ന ഹരിത വാതകം ഉത്പാദിപ്പിക്കുന്നു. കാര്‍ബണ്‍ഡൈഓക്സൈഡിനേക്കാള്‍ മാരകമാണ് മീഥെയിന്‍. പാഴാക്കുന്ന ഭക്ഷ്യവസ്തുക്കളാണ് മീഥെയിന്‍ ഉത്പാദനത്തിന്റെ എട്ട് ശതമാനത്തിനും കാരണം.

വേഗമാര്‍ജിക്കുന്ന നഗരവത്കരണം, ജീവിത രീതിയിലെ മാറ്റങ്ങള്‍, അണുകുടുംബങ്ങളുടെയും ജോലിയെടുക്കുന്ന സ്ത്രീകളുടെയും എണ്ണത്തിലുണ്ടായ വര്‍ധന, ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലും ഭക്ഷണത്തിനു നല്‍കുന്ന അമിത പ്രാധാന്യം, സത്കാര വേദികളിലെ ദുരഭിമാന പ്രകടനം, ഉപഭോക്താവ് സ്വയം ഷോപ്പിംഗ് ബാസ്‌കറ്റ് നിറക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ വ്യാപനം, വ്യക്തികളുടെ വരുമാനത്തിലുണ്ടായ വര്‍ധന തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഭക്ഷ്യ വിഭവങ്ങള്‍ പാഴായിപ്പോകുന്നതിന്. ഡല്‍ഹിയില്‍ ഇതിനിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിന് ചൈനീസ്, തായ്, മെഡിറ്ററേനിയന്‍ വിഭവങ്ങളടക്കം 100 ഇനങ്ങളാണ് ഭക്ഷണ മേശയിലെത്തിയത്. 30,000ത്തോളം പേര്‍ പങ്കെടുത്ത ഈ ചടങ്ങില്‍ വലിയൊരു പങ്ക് ഭക്ഷ്യ സാധനങ്ങളും പാഴായിപ്പോയി. ഇതുപോലെ പ്രൗഢിയും സാമ്പത്തിക ഉന്നതിയും കാണിക്കാനായി ഭക്ഷണ മേശയില്‍ വൈവിധ്യങ്ങള്‍ കാണിക്കുന്നവര്‍ നമ്മുടെ നാടുകളിലുമുണ്ട് ധാരാളം.

രാജ്യത്തെ പ്രമുഖ നഗരമായ ബെംഗളൂരുവിലെ വിവാഹ പാര്‍ട്ടികളില്‍ ഒരു വര്‍ഷം പാഴാക്കുന്നത് 340ഓളം കോടി രൂപയുടെ ഭക്ഷണമാണ്. ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ നാരായണ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. രാജ്യത്തെ മറ്റു നഗരങ്ങളിലും വന്‍തോതില്‍ പാഴാകുന്നുണ്ട് ഭക്ഷ്യവിഭവങ്ങള്‍. ധാരാളം ചേരിനിവാസികളുള്ള നഗരമാണ് മുംബൈ. ഈ ചേരി നിവാസികളുടെ വിശപ്പടക്കാന്‍ പോന്നതാണ് അവിടെ വിവാഹ ചടങ്ങുകളില്‍ നഷ്ടപ്പെടുത്തുന്ന ഭക്ഷ്യവിഭവങ്ങള്‍. വിവാഹ ധൂര്‍ത്ത് തടയുന്നതിനുള്ള നിയമനിര്‍മാണം കേന്ദ്രത്തിന്റെ പരിഗണനയില്‍ വന്നിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതടിസ്ഥാനത്തില്‍ വിവാഹത്തില്‍ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതടക്കമുള്ള ചില നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ പ്രമുഖര്‍ തന്നെയാണ് വിവാഹചടങ്ങില്‍ വന്‍ധൂര്‍ത്ത് കാണിക്കുന്നതെന്നിരിക്കെ, അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോട് അവര്‍ വിയോജിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

നിയമ നിര്‍മാണങ്ങളിലൂടെ നിയന്ത്രിക്കുന്നതിനപ്പുറം, സമൂഹത്തിലെ പട്ടിണിപ്പാവങ്ങളുടെ നേരേ കണ്ണയച്ച്, അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് ഓരോരുത്തരും സ്വയം നടപ്പാക്കേണ്ടതാണ് ഭക്ഷ്യ ധൂര്‍ത്ത് ഒഴിവാക്കല്‍ പോലുള്ള കാര്യങ്ങള്‍.