International
ഫ്‌ലൈ ദുബൈ വിമാനത്തിലെ ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്
സഊദി അധികൃതരും ഇസ്‌റാഈലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
വാഷിംഗ്ടണ്‍| ഫ്‌ലൈദുബൈ വിമാനത്തിലെ കോക്പിറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം അല്‍ ഹമ്മാമിയെയാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബൈ വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് സഹപൈലറ്റിനെതിരായ ആരോപണം. ഹമാം അല്‍ ഹമ്മാമി ഒമാന്‍ എയറില്‍ ഏഴ് വര്‍ഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാന്‍ പൗരനാണ്. മാതാവ് സിറിയക്കാരിയുമെന്നാണ് ലഭിക്കുന്ന വിവരം. ഹമാം 2025 ജൂണില്‍ റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എയര്‍ വിട്ട് ഫ്‌ലൈ ദുബായില്‍ എത്തിയത്. ഫ്‌ലൈ ദുബായില്‍ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സഊദി അധികൃതരും ഇസ്‌റാഈലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
180 പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കായിരുന്നു ഫ്‌ലൈദുബൈ FZ1073 വിമാനം പുറപ്പെട്ടത്. സഊദി അറേബ്യക്ക് മുകളിലൂടെ ഏകദേശം 33,000-34,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ, യാത്ര തുടങ്ങി രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോള്‍ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാര്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലെത്തി സഹപൈലറ്റിനെ കീഴടക്കി.
ആഗോള തലത്തില്‍ വിമാനയാത്രാ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ പൈലറ്റുമാരെ നിയമിക്കുന്നതില്‍ കൂടുതല്‍ കര്‍ശന നിരീക്ഷണങ്ങള്‍ ഉണ്ടായേക്കും. വിമാന കമ്പനികള്‍ പിരിച്ചു വിടുന്ന പൈലറ്റുമാരെ സംബന്ധിച്ചുള്ള പ്രത്യേക ഡാറ്റ സംവിധാനം കൊണ്ടുവരാനും സാധ്യതയുണ്ട്.
Content Highlights: An Omani co-pilot, Hamam Al Hammami, was identified in the cockpit attack on Captain Smith Machar during a Flydubai flight to Tel Aviv. The incident occurred over Saudi airspace, where passengers helped subdue the attacker after the injured captain unlocked the cockpit door. Authorities are now conducting an investigation, prompting discussions on stricter pilot hiring checks globally.



