Connect with us

International

സഊദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

മയ്യിത്തുകൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ ( ഏഴ്), സഹ (അഞ്ച്), ലുത്ഫി എന്നിവരാണ് മരിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജാബിർ കമ്പനിയുടെ ജിസാൻ ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. പുതിയ ബ്രാഞ്ചിൽ ചേരുന്നതിനുള്ള  യാത്രക്കിടെ ബിശക്കടുത്ത അൽ റെയ്‌നിൽ വെച്ച് ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ കാറിടിച്ചാണ് അപകടം. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചു മരിച്ചു.

ജിസാനിലേക്ക്  ആദ്യം വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ  കയറ്റി അയച്ചിരുന്നു. സാധനങ്ങളുമായി വാഹനം ജിസാനിലെത്തിയെങ്കിലും കുടുംബം എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് റിയാദിൽ നിന്നും 198 കിലോ മീറ്റർ അകലെ വെച്ച് വാഹനാപകടത്തിൽ മരിച്ചതായി അറിഞ്ഞത്. മയ്യിത്തുകൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്

Latest