Connect with us

Kerala

ഫിന്‍ലന്‍ഡ് വിദഗ്ധരെത്തി; സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നവീന പദ്ധതികള്‍ നടപ്പാക്കും

അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ പരസ്പര സഹകരണത്തോടെ നവീന പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഉദ്യമവുമായി ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി ഫിനിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പരം സഹകരിച്ച് നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പങ്കെടുത്തു.

ഫിന്‍ലന്‍ഡിലെ യൂനിവേഴ്സിറ്റി ഓഫ് ഹെല്‍സിങ്കിയിലെ വിവിധ വകുപ്പുകളുടെ മേധാവികളയ പ്രൊഫ. ടാപ്പിയോ ലേഹ്തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് ഇവിടെയെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും കഴിഞ്ഞ ഡിസംബറില്‍ ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദഗ്ധ സംഘം എത്തിയത്.

ഇന്ന് മന്ത്രി ശിവന്‍ കുട്ടിയെ സംഘം ഇന്ന് സന്ദര്‍ശിക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായും കൂടിക്കാഴ്ച നടത്തും. അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം.

Latest