Connect with us

iuml

ലോകസഭാ തിരഞ്ഞെടുപ്പില്‍ കരുനീക്കുമെന്നു ഭയം; മുസ്്‌ലിം ലീഗ് അച്ചടക്ക നടപടികള്‍ പിന്‍വലിച്ചു

എം എസ് എഫ്-ഹരിത മുന്‍ നേതാക്കളെ തിരിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട് | ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിം ലീഗ് അച്ചടക്ക നടപടികള്‍ പിന്‍വലിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിക്കു വിധേയരായ യുവ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കിയേക്കുമെന്ന ഭയമാണ് അച്ചടക്ക നടപടികള്‍ പൊടുന്നനെ പിന്‍വലിക്കാന്‍ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്.

എം എസ് എഫ്-ഹരിത മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടികളാണ് ലീഗ് നേതൃത്വം പിന്‍വലിച്ചത്. ഹരിത വിവാദത്തെ തുടര്‍ന്ന് പുറത്താക്കിയ എം എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എം ഫവാസ്, ഹരിത മുന്‍ ഭാരവാഹികളായ നജ്മ തബ്ഷീറ, ഫാത്തിമ തഹ്ലിയ, മുഫീദ തസ്നി എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്.

അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് അടിയന്തിര നടപടി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത മുന്‍ നേതാക്കള്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് മുന്‍ ഹരിത നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചത്.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ആരോപണം ഉന്നയിച്ച ഹരിത നേതാക്കള്‍ക്കൊപ്പം നിലയുറപ്പിച്ചതിനായിരുന്നു എം എസ് എഫ് നേതാക്കളായ ലത്തീഫ് തുറയൂരിനേയും സംസ്ഥാന സെക്രട്ടറിയായിരുന്ന ഫവാസിനേയും പുറത്താക്കിയത്. പാര്‍ട്ടി നടപടി നേരിട്ട ശേഷം ലീഗ് നേതൃത്വത്തിനെതിരെ ഇരുവരും പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടി ഘടകത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച കെ എസ് ഹംസ പൊന്നാനിയില്‍ സി പി എം സ്ഥാനാ ര്‍ഥിയായി എത്തിയത് ലീഗിനെ ഞെട്ടിച്ചിരുന്നു. ഹംസയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ലീഗിലെ അസംതൃപ്തരുടെ രഹസ്യ പിന്‍തുണ ലഭിക്കുന്നതായി ലീഗ് നേതൃത്വത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടികള്‍ പിന്‍വലിച്ച് യുവ നേതാക്കളെ തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്നവര്‍ക്ക് ഏതുഘടകത്തില്‍ ഏതു പദവികള്‍ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ എം എസ് എഫ് ഭാരവാഹികളുടെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്.

ഭാരവാഹിത്വം ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു ലഭിക്കണമെന്ന ആവശ്യം തിരിച്ചെടുത്തവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അര്‍ഹമായ പദവികള്‍ ലഭിച്ചേക്കില്ലെന്ന ഭയം തിരിച്ചെടുക്കപ്പെട്ടവര്‍ക്കുണ്ട്.

 

Latest