Uae
ഇലക്ട്രോണിക് പണമിടപാട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മറ്റു ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ വിവരങ്ങള്‍ കൃത്രിമമായി നിര്‍മിക്കുകയോ, അനുവാദമില്ലാതെ പകര്‍ത്തുകയോ, അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് തടവും, രണ്ടു ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.
അബൂദബി | ഇലക്ട്രോണിക് പണമിടപാടുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള 34/2021 എന്ന ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം വിവരസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മറ്റു ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ വിവരങ്ങള്‍ കൃത്രിമമായി നിര്‍മിക്കുകയോ, അനുവാദമില്ലാതെ പകര്‍ത്തുകയോ, അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് തടവും, രണ്ടു ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.
ഇത്തരം തട്ടിപ്പുകളും, കുറ്റകൃത്യങ്ങളും നടത്തുന്നതിനായി വിവരസാങ്കേതിക വിദ്യകളുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുന്നവര്‍ക്കും ഇതേ ശിക്ഷകള്‍ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.




