Kerala
പിണറായിക്കും റിയാസിനും എതിരായി കേസ്; മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെന്ന് ചെന്നിത്തല
ഇ ഡി ശുപാര്‍ശയില്‍ എ ജിയുടെ നിയമോപദേശം കിട്ടി
പത്തനംതിട്ട | പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്നു സംസ്ഥാന സര്‍ക്കാറിനുള്ള ഇ ഡി ശുപാര്‍ശയില്‍ എ ജിയുടെ നിയമോപദേശം കിട്ടിയെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി വി ഡി സതീശനും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇ ഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്.
ഇക്കാര്യത്തില്‍ സര്‍ക്കാറാണ് ഇനി തീരുമാനം എടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ വിഷയം ശക്തമായി ഉന്നയിച്ച യു ഡി എഫിന് കേസെടുക്കാതിരിക്കാനാവില്ല. എന്നാല്‍ ഇ ഡി നീക്കത്തിനെതിരാണ് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്.
അടൂര്‍ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മര്‍ദ്ദനമേറ്റു എന്ന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകും. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ഉടമക്കെതിരായ കേസില്‍ എസ് ഐ ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights:
Home Minister Ramesh Chennithala stated that the government received AG’s legal advice regarding ED’s recommendation to register a case against Pinarayi Vijayan and Mohamed Riyas. A final decision will be taken after consulting Chief Minister VD Satheesan. Action will also be taken on police assault complaints.


