Connect with us

Kerala

ഇ ചെലാന്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ എസ് എം എസ്-എ പി കെ തട്ടിപ്പിനെതിരെ പോലീസിന്റെ ജാഗ്രതാ നിര്‍ദേശം

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ tthps://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കുക.

Published

|

Last Updated

പത്തനംതിട്ട | വാഹന ഉടമകളെ ലക്ഷ്യമിട്ട് യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ ചെലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ് എം എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. വാഹന ഉടമകളുടെ ചെലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ഥ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ് എം എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്റെ ചെലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനു ശേഷം’ഇന്റേണല്‍ സെക്യൂരിറ്റി റിവ്യൂ’ എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിച്ച് അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കും. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ ‘യെസ് ‘ ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ പി കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ ഉപയോക്താവില്‍ നിന്ന് ഫോണിന്റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇ ചെലാന്‍, ട്രാഫിക്ക് ഫൈന്‍, വാഹന വെരിഫിക്കേഷന്‍, കെ വൈ സി, റീ ഫണ്ട്, ആര്‍ ടി ഒ/എം വി ഡി സേവനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ് എം എസ്, വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന എ പി കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.

ചെലാന്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക എം വി ഡി/പരിവാഹന്‍/ഇ ചെലാന്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സേവനത്തിന്റെ ഔദ്യോഗിക ആപ്പ്/പോര്‍ട്ടല്‍ വഴി മാത്രം പരിശോധിക്കുക. എസ് എം എസില്‍ ലഭിക്കുന്ന ലിങ്ക് നേരിട്ട് തുറക്കുന്നതിനു പകരം ഔദ്യോഗിക വെബ്സൈറ്റില്‍ സ്വയം ടൈപ്പ് ചെയ്ത് തുറക്കുക.

വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയതിനു ശേഷം ‘ഇന്റേര്‍ണല്‍ റിവ്യൂ’, ‘പെന്‍ഡിംഗ് വെരിഫിക്കേഷന്‍’, ‘ഇന്‍സ്റ്റാള്‍ ആപ്പ് ടു ക്ലിയര്‍ ചെലാന്‍’എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ വന്നാല്‍ അത് സംശയാസ്പദമായി കാണുക. ഔദ്യോഗിക ചെലാന്‍ പേയ്മെന്റ്/വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്കായി പുറത്ത് നിന്ന് എ പി കെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സാഹചര്യം സാധാരണയായി ഉണ്ടാകാറില്ല.

അഥവാ ഇത്തരം എ പി കെ ഇന്‍സ്റ്റാള്‍ ചെയ്തതായി സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണിന്റെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും തുടര്‍ന്ന് ഫോണ്‍ റീ സെറ്റ് ചെയ്യുകയും ചെയ്യുക.

യു പി ഐ/മറ്റ് പേയ്മെന്റ് സേവനങ്ങള്‍, ലിങ്ക് ചെയ്തിട്ടുള്ള ബേങ്ക് അക്കൗണ്ടുകള്‍, അടുത്ത് നടന്ന ഇടപാടുകള്‍ പരിശോധിക്കുക. മറ്റൊരു സുരക്ഷിത ഡിവൈസ് ഉപയോഗിച്ച് ബേങ്കിങ്/ഇ-മെയില്‍/സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റുകയും തത്സ്ഥിതി പരിശോധിക്കുകയും ചെയ്യുക.

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ tthps://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കുക.

Content Highlights:
Kerala Police has issued a strict warning against fraudulent e-challan SMS messages containing malicious APK files. Scammers trick users into downloading fake applications to steal financial details and personal data. Authorities advise the public never to click unverified links or install APK files.

 

---- facebook comment plugin here -----

Latest