Connect with us

UAE

111 സുരക്ഷാ മുന്നറിയിപ്പുകള്‍, 17 മിസൈല്‍ ഭീഷണികള്‍; പ്രതിസന്ധികളെ അതിജീവിച്ച് ദുബൈ വിമാനത്താവളം

ആളപായം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചതായി സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ്.

Published

|

Last Updated

ദുബൈ | പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയിലും 111 സുരക്ഷാ മുന്നറിയിപ്പുകളും 17 മിസൈല്‍ ഭീഷണികളും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്സ് ബി) സുരക്ഷിതമായി അതിജീവിച്ചതായി ദുബൈ എയര്‍പോര്‍ട്ട്സ് സി ഇ ഒ. പോള്‍ ഗ്രിഫിത്ത്സ്. ദുബൈ മീഡിയ ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര വാര്‍ത്താസമ്മേളനത്തിലാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ വിമാനത്താവളം കൈവരിച്ച സുരക്ഷാ കരുത്തും വേഗത്തിലുള്ള തിരിച്ചുവരവും അദ്ദേഹം വിശദീകരിച്ചത്.

ഭീഷണികളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആളപായം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചുവെന്നും സി ഇ ഒ പറഞ്ഞു. പരുക്കേറ്റ ചുരുക്കം പേര്‍ പൂര്‍ണമായി സുഖം പ്രാപിച്ചു. അപ്രതീക്ഷിത മിസൈല്‍ ഭീഷണികളെ എങ്ങനെ കാര്യക്ഷമമായി നേരിടണമെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പഠിച്ചെടുത്ത് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ വിമാനത്താവള സുരക്ഷാ സംഘത്തിന് സാധിച്ചതായും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.

ഡി എക്സ് ബി ഏഴ് കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി എക്സ് ബി) ഈ വര്‍ഷം ആകെ യാത്രക്കാരുടെ എണ്ണം ഏകദേശം ഏഴ് കോടിയിലെത്തുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. മുമ്പ് പത്ത് കോടി യാത്രക്കാരെ ലക്ഷ്യമിട്ടിരുന്നെങ്കിലും വ്യോമപാതകളിലെ അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം ഈ നേട്ടം 2027 അവസാനത്തോടെയാകും കൈവരിക്കാനാവുക. 2025-ല്‍ 9.52 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാരുടെ കണക്റ്റിവിറ്റി പൂര്‍ണ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ഫ്‌ളൈ ദുബൈയുടെ ഭാഗിക മാറ്റം അടുത്ത വര്‍ഷം
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി എക്സ് ബി) നിന്നുള്ള സര്‍വീസുകള്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ഡി ഡബ്ല്യു സി) മാറ്റുന്ന പ്രക്രിയ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പോള്‍ ഗ്രിഫിത്ത്സ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഫ്‌ളൈ ദുബൈയുടെ അഞ്ചോ ആറോ വിമാനങ്ങളുടെ സര്‍വീസുകളാണ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുക.

ഒറ്റയടിക്ക് മാറ്റുന്നതിന് പകരം ഏതാനും മാസങ്ങളിലായി ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരമാവധി പ്രവര്‍ത്തനശേഷി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണതോതിലാകും. ഈ സാഹചര്യത്തില്‍ എമിറേറ്റ്സ്, ഫ്‌ളൈ ദുബൈ എന്നീ വിമാനക്കമ്പനികളുടെ ഭാവി വളര്‍ച്ചക്ക് ആവശ്യമായ അധിക ശേഷി അല്‍ മക്തൂം വിമാനത്താവളം ലഭ്യമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന വിമാനക്കമ്പനികള്‍ അല്‍ മക്തൂമിലേക്ക് മാറുന്നതോടെ ഡി എക്സ് ബിയിലെ സ്ലോട്ടുകള്‍ മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കും.

അല്‍ മക്തൂമില്‍ 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യം
ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യം അല്‍ മക്തൂമില്‍ സജ്ജമാകുന്നതോടെ ഡി എക്സ് ബിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അങ്ങോട്ടേക്ക് പൂര്‍ണമായി മാറ്റാനാണ് ദീര്‍ഘകാല പദ്ധതി. അല്‍ മക്തൂം വിമാനത്താവളത്തിലെ രണ്ടാമത്തെ റണ്‍വേ അടുത്ത വര്‍ഷം പ്രവര്‍ത്തനക്ഷമമാകും. പദ്ധതി പൂര്‍ണതോതിലാകുമ്പോള്‍ അഞ്ച് റണ്‍വേകള്‍ ഇവിടെയുണ്ടാകും. ഇതില്‍ നാലെണ്ണം നിരന്തര ഉപയോഗത്തിനും ഒരെണ്ണം അടിയന്തര ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കുമായി മാറ്റിവെക്കും.

Content Highlights:
Dubai Airport successfully managed operational stability despite facing 111 security warnings and 17 missile threats. Advanced defense coordination ensured full protection for passengers and flight movements. The feat highlights UAE’s resilience in maintaining aviation safety during regional tensions.

 

 

---- facebook comment plugin here -----

Latest