Connect with us

Editorial

മരുന്ന് വില നിയന്ത്രണം അനിശ്ചിതത്വത്തില്‍

മരുന്നുകളുടെ വിലനിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡാവിയ മൂന്ന് തവണ മരുന്ന് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ലാഭത്തിന്റെ ഒരു വിഹിതം മരുന്നുകളുടെ ഗവേഷണത്തിനാണ് ഉപയോഗപ്പെടുത്തുന്നതെന്നും അതുകൊണ്ട് നിലവിലെ വിലയില്‍ മാറ്റം വരുത്താനാകില്ലെന്നുമാണത്രെ കമ്പനികളുടെ നിലപാട്.

Published

|

Last Updated

മരുന്നുകളുടെ വില കുറക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. വില കുറക്കാനുള്ള നീക്കത്തോട് മരുന്ന് കമ്പനികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവക്കുള്ള മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് ആഗസ്റ്റ് 15ന് പ്രഖ്യാപനം നടത്തുമെന്നും വാര്‍ത്ത വന്നിരുന്നു. മേല്‍പറഞ്ഞ മരുന്നുകളെ അവശ്യ മരുന്നുകളുടെ വിലനിലവാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. അതോടെ മരുന്നുകളില്‍ ഉള്‍പ്പെടുന്ന രാസ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാകില്ല കമ്പനികള്‍ക്ക്. മരുന്നുകളുടെ വിലനിയന്ത്രണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡാവിയ മൂന്ന് തവണ മരുന്ന് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം മരുന്നുകളുടെ ഗവേഷണത്തിനാണ് ഉപയോഗപ്പെടുത്തുന്നതെന്നും അതുകൊണ്ട് നിലവിലെ വിലയില്‍ മാറ്റം വരുത്താനാകില്ലെന്നുമാണത്രെ കമ്പനികളുടെ നിലപാട്. മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അവശ്യ മരുന്നുകളുടെ 2015ലെ പട്ടിക പരിഷ്‌കരിക്കുന്നതും ലാഭവിഹിതം നിയന്ത്രിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതും സര്‍ക്കാറിന്റെ ആലോചനയിലുണ്ട്.

രാജ്യത്ത് മരുന്നുകളുടെ വില അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകളടക്കം 800ല്‍ പരം മരുന്നുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. മരുന്ന് കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്‍ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയ സാഹചര്യത്തിലാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) വിലവര്‍ധനവിന് അനുമതി നല്‍കിയത്. കൊവിഡ് പ്രതിസന്ധിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും പാക്കേജിംഗ് ചാര്‍ജിലെ വര്‍ധനവും മൊത്തവില സൂചികയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അസ്സോസിയേഷന്‍ വില വര്‍ധനവിനാവശ്യപ്പെട്ടത്. ഷെഡ്യൂള്‍ഡ് പട്ടികയിലില്ലാത്ത (വില നിയന്ത്രണമില്ലാത്ത) മരുന്നുകളുടെ വില വര്‍ഷം തോറും പത്ത് ശതമാനം കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ വില നിയന്ത്രണമുള്ള മരുന്നുകളുടെ വില വര്‍ധിപ്പിക്കണമെങ്കില്‍ എന്‍ പി പി എ അനുവദിക്കേണ്ടതുണ്ട്.

മരുന്നുകളുടെ മൊത്തവില 10.7 ശതമാനം വര്‍ധിപ്പിക്കാനാണ് അന്ന് എന്‍ പി പി എ അനുവാദം നല്‍കിയതെങ്കിലും വര്‍ധന അതില്‍ ഒതുങ്ങിയില്ല. എന്‍ പി പി എ പ്രഖ്യാപിച്ച 10.76 ശതമാനം മരുന്നിന്റെ അടിസ്ഥാന വിലയിലെ വര്‍ധന മാത്രമാണെന്നും ഉത്പാദനത്തിനും വിപണനത്തിനും ആവശ്യമായ അനുബന്ധ ഘടകങ്ങളുടെ വിലയിലെ മാറ്റം കൂടി കണക്കിലെടുക്കുമ്പോള്‍ വിലവര്‍ധന അതില്‍ ഒതുക്കി നിര്‍ത്താനാകില്ലെന്നുമാണ് കമ്പനികളുടെ വാദം. യഥാര്‍ഥത്തില്‍ 10.76 ശതമാനമെന്നത് തന്നെ എന്‍ പി പി എ നിലവില്‍ വന്ന ശേഷം ഒറ്റയടിക്കുണ്ടാകുന്ന റെക്കോര്‍ഡ് വിലവര്‍ധനയാണ്. ഇതിനു മുമ്പ് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം 0.5ഉം 2020ല്‍ 0.2ഉം ശതമാനം മാത്രമായിരുന്നു വര്‍ധന.

രാജ്യത്തെ ഏറ്റവും ലാഭകരമായ വ്യാപാരമാണ് മരുന്നുകളുടേത്. കൊള്ളലാഭമാണ് മരുന്ന് കമ്പനികള്‍ നേടുന്നത്. ബ്രാന്‍ഡഡ് മരുന്നുകളുടെ പേരിലാണ് ഇവിടെ ഏറ്റവും വലിയ കൊള്ള. തങ്ങള്‍ക്കിഷ്ടമുള്ള വിലയിട്ടാണ് ബ്രാന്‍ഡഡ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഉത്പാദനച്ചെലവിന്റെ ആയിരം ശതമാനം വരെ ചില മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. ഡോക്ടര്‍മാരില്‍ ഒരു വിഭാഗവും കമ്പനികളുടെ കൊള്ളലാഭത്തിനു കൂട്ടുനില്‍ക്കുന്നു. തങ്ങളുടെ വില കൂടിയ മരുന്നുകള്‍ തന്നെ എഴുതിക്കൊടുക്കാനായി ഡോക്ടര്‍മാര്‍ക്ക് കമ്പനികള്‍ കമ്മീഷനും വിവിധ സമ്മാനങ്ങളും വിദേശ യാത്രയുമൊക്കെ നല്‍കി വരുന്നുവെന്നത് രഹസ്യമല്ല. ഇത് അധാര്‍മികവും നിയമം മൂലം നിരോധിച്ചതും ശിക്ഷിക്കപ്പെടാവുന്ന കുറ്റവുമാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണെങ്കിലും അത് തടയാനും മരുന്ന് വില നിയന്ത്രിക്കാനും സര്‍ക്കാറും എന്‍ പി പി എയും ആര്‍ജവം കാണിക്കുന്നില്ല.

കേരളീയരെയാണ് മരുന്ന് വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മരുന്ന് ഉപയോഗത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് കേരളീയര്‍. 2017-18ലെ കണക്കനുസരിച്ച് ഇന്ത്യന്‍ മരുന്ന് വിപണിയില്‍ ഒരു വര്‍ഷം വിറ്റഴിയുന്ന 25,000 കോടിയിലധികം രൂപയുടെ മരുന്നുകളില്‍ 4,500 കോടിയിലധികം രൂപയുടെ മരുന്നുകള്‍ തിന്നുതീര്‍ക്കുന്നത് കേരളീയരാണെന്നാണ് സംസ്ഥാന ആരോഗ്യ നയം രൂപവത്കരിക്കാന്‍ നിയോഗിച്ച ഡോ. ബി ഇഖ്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അലോപ്പതി മരുന്നുകളുടെ മാത്രം കണക്കാണിത്. പുറമെ ഹോമിയോ, ആയുര്‍വേദം, യൂനാനി, സിദ്ധ തുടങ്ങിയ ചികിത്സാ വിഭാഗങ്ങള്‍ക്കായി 15,000 കോടി രൂപയെങ്കിലും ചെലവിടുന്നുണ്ടെന്നാണ് കണക്ക്.

മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വില കുറച്ച് രാജ്യത്തെ രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനാണ് എന്‍ പി പി എ സംവിധാനമെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള എന്‍ പി പി എക്ക് പക്ഷേ ചില പരിമിതികളുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കുന്നുണ്ട്. 2014ലെയും 2019ലെയും പൊതു തിരഞ്ഞെടുപ്പുകളില്‍ മരുന്ന് നര്‍മാണ കമ്പനികളില്‍ നിന്ന് ബി ജെ പിക്ക് ധാരാളം സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. മരുന്ന് കമ്പനികള്‍ മാത്രമല്ല, നിരവധി ആശുപത്രികളും ഡോക്ടര്‍മാരും ഫാര്‍മസികളുമൊക്കെയുണ്ട് രാഷ്ട്രീയക്കാര്‍ക്ക് കൈയയച്ചു സംഭാവന നല്‍കുന്നവരുടെ ഗണത്തില്‍. മരുന്ന് വില വര്‍ധനവിനാവശ്യപ്പെടുമ്പോള്‍ എന്‍ പി പി എക്ക് അതംഗീകരിക്കേണ്ടി വരുന്നത് ഇതുകൊണ്ടായിരിക്കണം. മരുന്നുത്പാദകരും സര്‍ക്കാറുമെല്ലാം ചേര്‍ന്നു നടത്തുന്ന ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് പാവപ്പെട്ട രോഗികള്‍.

Latest