Connect with us

Editors Pick

ധ്രുവ് റാഠി; ഒരു ഒറ്റയാള്‍ പോരാളി

ധ്രുവ് റാഠി എന്ന ഹരിയാനക്കാരന്‍ ഇന്ന് മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്.

Published

|

Last Updated

രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ചാനലുകളില്‍ ഒന്നായ എന്‍ടി ടിവിയുടെ യുട്യൂബ് സബ്‌സ്‌ക്രിബ്ഷന്‍ 16 മില്യണ്‍ ആണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്ന ചുരുക്കം ചില വാര്‍ത്ത ചാനലില്‍ ഒന്ന് എന്ന നിലയില്‍ എന്‍ഡിടിവിക്ക് യൂട്യൂബില്‍ നല്ല സ്വീകാര്യത ഉണ്ടായിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് എന്‍ഡി ടിവി വാങ്ങിയതോടെ അവരുടെ എഡിറ്റോറിയല്‍ പോളിസിയും മാറി. ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്താ ചാനലുകള്‍ ഇല്ലെന്ന അവസ്ഥയിലേക്കെത്തി.

ഈ ഗ്യാപ്പിലേക്ക് കടന്നുവന്നത് ഒരു ചെറുപ്പക്കാരനാണ്. അതെ ധ്രുവ് റാഠി. വെറും 29 വയസ്സ് മാത്രമുള്ള ഈ ഹരിയാനക്കാരന്‍ ഇന്ന് മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്. അത്രയും രൂക്ഷമായാണ് ധ്രുവ് സത്യങ്ങള്‍ വിളിച്ചു പറയുന്നത്. 18.7 മില്യണ്‍ പേരാണ് ധ്രുവിന്റെ യൂട്യൂബ് ചാനല്‍ വരിക്കാര്‍. ഓരോ വീഡിയോയും വൈറല്‍.

ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനൊന്ന് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നു. ഏറ്റവും പുതുതായി സംഘപരിവാര്‍ ഇന്ത്യയില്‍ വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ച മാര്‍ഗങ്ങള്‍, അതിന്റെ ആസൂത്രണം, അതിന്റെ പ്രചാരണം എന്നിവയെ പ്രതിപാദിക്കുന്ന വീഡിയോ ധ്രുവ് പുറത്തിറക്കി. എങ്ങനെയാണ് ഇവ സംഘപരിവാര്‍ നടത്തുന്നത്, എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്. ഇനി എന്താണ് ചെയ്യേണ്ടത് എന്നിവ കൃത്യമായി പറയുന്നുണ്ട്. വെറുതേ പറഞ്ഞു പോവുകയല്ല, ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഒരു വലിയ മാസ് നെറ്റ്വര്‍ക്ക് വാട്‌സാപ്പിലൂടെ തന്നെ ധ്രുവ് ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്.

ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലേക്ക് കൂടി കടക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ നൂറ് കോടി ഇന്ത്യക്കാരിലേക്ക് നേരിട്ട് എത്തുക എന്നതാണ് ധ്രുവിന്റെ ലക്ഷ്യം. കഴിഞ്ഞ ഒരു മാസത്തെ കണക്കുപ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തിക്കഴിഞ്ഞു. എഫ്ബി, ഇന്‍സ്റ്റ തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ റീച്ചുള്ളത് വാട്‌സാപ്പിനാണ് എന്നതിനാല്‍ ആ ചാനലിനാണ് അദ്ദേഹം പ്രാമുഖ്യം കൊടുക്കുന്നത്.

തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. അവ വിജയിക്കുകയാണെങ്കില്‍ മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും വരും. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ ഭരണകൂട സ്തുതികളാല്‍ മനുഷ്യര്‍ക്ക് തിരിഞ്ഞു നോക്കാന്‍ കഴിയാത്ത രൂപത്തിലായിക്കഴിഞ്ഞു. മലയാള മാധ്യമങ്ങള്‍ പോലും മോദി സ്തുതിയില്‍ മത്സരിക്കുകയാണ്. ദൂരദര്‍ശന്‍ നിറം പോലും മാറ്റി പരസ്യമായി കാവിപ്പടക്ക് വേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുമ്പോഴാണ് ധ്രുവിനെപ്പോലുള്ള ഒറ്റയാള്‍ പട്ടാളങ്ങള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നത്.

 

 

Latest