Connect with us

devaswam board

ദേവസ്വം ബോർഡിലെ നിയമന തട്ടിപ്പ്: പോലീസ് ഒത്താശ ചെയ്തു

മാവേലിക്കര ഗ്രേഡ് എസ് ഐ പ്രതിക്ക് വിവരങ്ങൾ ചോർത്തി

Published

|

Last Updated

തിരുവനന്തപുരം | വ്യാജ നിയമന ഉത്തരവ് നൽകി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന കോടികളുടെ തട്ടിപ്പ് പോലീസിന്റെ ഒത്താശയോടെയെന്ന് കണ്ടെത്തൽ. കോടികളുടെ തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പോലീസുകാരും കൂട്ടുനിന്നതായാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ രേഖകൾ ഉപയോഗിച്ച് വൻ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലാർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്‌മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ മാർച്ച് 23ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. വിനീഷ് ഉൾപ്പെടുന്ന വൻ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് റിക്രൂട്ട്‌മെന്റ് ചെയർമാൻ കത്ത് നൽകിയിട്ടുണ്ട്. ദേവസ്വം തട്ടിപ്പ് കേസുകൾ കൊച്ചി റെയ്ഞ്ച് ഡി ഐ ജി അന്വേഷിക്കുമെന്നും വിവരം ചോർത്തി നൽകിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരായ നീക്കങ്ങൾ പോലീസ് തന്നെ ചോർത്തി നൽകിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ടിൽ പറയുന്നു. വിനീഷിനെതിരെ കേസെടുത്തപ്പോൾ മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിവരം ചോർത്തി നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിനീഷിനെതിരെ ഇതേവരെ മാവേലിക്കര സ്റ്റേഷനിൽ 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടരക്കോടിയുടെ തട്ടിപ്പാണ് മാവേലിക്കരയിലെ കേസിൽ മാത്രം നടന്നത്. ആദ്യ കേസിന് ശേഷം വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല.

പിന്നീട് വ്യാജ നിയമന ഉത്തരവുമായി കൂടുതൽ പേർ എത്തിയപ്പോഴാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. ഈ വിവരം പോലീസ് തന്നെ ചോർത്തി നൽകിതോടെയാണ് വിനീഷ് മുങ്ങിയതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ ഗുരുതരവീഴ്ചയുണ്ടായെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ കുറ്റപ്പെടുത്തി. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണത്തിനായി എറണാകുളം റെയ്ഞ്ച് ഡി ഐ ജിയെ പോലീസ് മേധാവി നിയോഗിക്കുകയായിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് വിനീഷ് ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്.