Connect with us

Editorial

വില്‍ക്കപ്പെടുന്ന ജനാധിപത്യമൂല്യങ്ങള്‍

പൗരന്റെ ഏറ്റവും വലിയ അവകാശമാണ് വോട്ട്. പണത്തിലോ വസ്തുക്കളിലോ ആകൃഷ്ടരായി ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് നല്‍കുന്ന പ്രവണത, പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ടു നടത്തുന്ന തിരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തെയും അര്‍ഥശൂന്യമാക്കും.

Published

|

Last Updated

തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ദിവസങ്ങളിലായി നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ 651.51 കോടി രൂപ മൂല്യം വരുന്ന പണവും വസ്തുക്കളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച വെളിപ്പെടുത്തുകയുണ്ടായി. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ശിലയാണ് തിരഞ്ഞെടുപ്പ്. ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണാധികാരികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും രാജ്യത്തിന്റെ,സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കാനും അവസരമേകുന്ന ഈ പ്രക്രിയയുടെ വിശ്വാസ്യതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ് തിരഞ്ഞെടുപ്പുകളിലെ പണത്തിന്റെ സ്വാധീനം. കേവലം അക്കങ്ങളുടെ കണക്കല്ല ഇത്, മറിച്ച് ഇന്ത്യന്‍ ജനാധിപത്യമൂല്യങ്ങള്‍ എത്രത്തോളം ലേലം ചെയ്യപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഫ്‌ലയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിസ്റ്റിക് സര്‍വൈലന്‍സ് ടീമുകളും പിടിച്ചെടുത്ത 651.51 കോടി രൂപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒഴുകുന്ന പണത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. പരിശോധനകളില്‍ പെടാതെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വാരിവിതറുന്ന പണത്തിന്റെ അളവ് ഇതിനേക്കാള്‍ എത്രയോ മടങ്ങ് വരും. മാത്രമല്ല, പിടിക്കപ്പെടുന്ന കേസുകള്‍ തന്നെ രാഷ്ട്രീയ സ്വാധീനത്തില്‍ തുമ്പില്ലാതായി പോകുകയും ചെയ്യുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ കൊടകരയില്‍ നിന്ന് പിടിച്ചെടുത്ത മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിലക്കുകയായിരുന്നു. ഒരു പ്രമുഖ കേന്ദ്ര ഭരണകക്ഷിയുടേതാണ് ആ പണമെന്ന വസ്തുത പുറത്തു വന്നതോടെ അന്വേഷണ ഏജന്‍സികള്‍ കേസ് ഉഴപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം ഹൈടെക്കാകുകയും ചെലവുകള്‍ കുത്തനെ ഉയരുകയും ചെയ്തതോടെയാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടത്. സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, പി ആര്‍ ഏജന്‍സികള്‍, വമ്പന്‍ റാലികള്‍, റോഡ് ഷോകള്‍, ഹെലികോപ്റ്റര്‍ യാത്രകള്‍ തുടങ്ങിയവക്കായി കോടികളാണ് ഓരോ പാര്‍ട്ടിയും ചെലവിടുന്നത്. മുന്‍കാലങ്ങളില്‍ ബൂത്ത് പിടിച്ചെടുക്കുന്ന കായിക ബലമായിരുന്നു പ്രയോഗിക്കപ്പെട്ടിരുന്നത്. തൊണ്ണൂറുകള്‍ക്കു ശേഷം അത് സാമ്പത്തിക ബലത്തിലേക്ക് മാറുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് ചെലവിടാവുന്ന തുകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടികള്‍ നടത്തുന്ന വഴിവിട്ട ചെലവുകള്‍ക്ക് ഒരു നിയന്ത്രണവുമില്ല.

പൗരന്റെ ഏറ്റവും വലിയ അവകാശമാണ് വോട്ട്. സ്വതന്ത്രമായും ആരുടെയും പ്രേരണക്ക് വഴങ്ങാതെയും നിര്‍വഹിക്കുമ്പോഴാണ് ജനാധിപത്യത്തിന് അത് കരുത്ത് പകരുന്നത്. പണത്തിലോ വസ്തുക്കളിലോ ആകൃഷ്ടരായി ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് നല്‍കുന്ന പ്രവണത, പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ടു നടത്തുന്ന തിരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തെയും അര്‍ഥശൂന്യമാക്കും. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ നിന്ന് പോലും 85 കോടിയോളം പിടിച്ചെടുത്തത് രാഷ്ട്രീയ ധാര്‍മിക മൂല്യച്യുതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ പണവും ഭക്ഷ്യവസ്തുക്കളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുക എളുപ്പമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മദ്യവും മയക്കുമരുന്നും നല്‍കി ആളുകളെ പാട്ടിലാക്കുന്ന പ്രവണതയും പൂര്‍വോപരി ശക്തം.

ഭരണത്തിന്റെ ഗുണമേന്മയെ സാരമായി ബാധിക്കുന്നു തിരഞ്ഞെടുപ്പിലെ മണിപവര്‍. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടികളും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവിട്ട പണം തിരിച്ചുപിടിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ഇത് അഴിമതിക്കിടയാക്കുകയും ചെയ്യുന്നു. സ്ഥാനാര്‍ഥി പട്ടികയിലെ സമതുലിതാവസ്ഥ നഷ്ടമാക്കുകയും പണമുള്ള സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു ദൂഷ്യവശം. ഇതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ആദര്‍ശ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അരുവത്കരിക്കപ്പെട്ടവരുടെ പ്രതിനിധികള്‍ക്കും അവസരം നിഷേധിക്കപ്പെടുന്നു.

ഇലക്ടറല്‍ ബോണ്ട് തുടങ്ങി രാഷ്ട്രീയ ധനസമാഹരണ മാര്‍ഗങ്ങളിലെ അപാകങ്ങളും അവ്യക്തതകളുമാണ് തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണത്തിന്റെ സ്വാധീനത്തിന് പ്രധാന കാരണം. കള്ളപ്പണം തടയാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസമാഹരണം സുതാര്യമാക്കാനുമെന്ന അവകാശവാദത്തോടെ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം തടയുകയല്ല, അതിന് നിയമപരിരക്ഷ നല്‍കുകയാണുണ്ടായത്. അജ്ഞാത ദാതാക്കള്‍ക്ക് കണക്കില്‍പ്പെടാത്ത കള്ളപ്പണം പാര്‍ട്ടികള്‍ക്കു നല്‍കി, തങ്ങള്‍ക്കെതിരായ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് വഴിയൊരുക്കുന്നു. 2017ല്‍ മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും കള്ളപ്പണ നിയമത്തിന്റെ അന്തസ്സത്തയെ ഇത് അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത കാര്യം ശ്രദ്ധേയമാണ്.

സംഭാവന നല്‍കുന്നത് ആരാണെന്ന് വെളിപ്പെടുത്തില്ലെന്ന നിയമത്തിലെ വ്യവസ്ഥ കോര്‍പറേറ്റ് സ്ഥാപനങ്ങളെ തങ്ങള്‍ക്ക് താത്പര്യമുള്ള പാര്‍ട്ടികളെ രഹസ്യമായി സഹായിക്കാന്‍ അവസരമൊരുക്കും. അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, തങ്ങളെ സഹായിച്ച കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ രൂപവത്കരിക്കാന്‍ നിര്‍ബന്ധിതരാകുകയും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും താത്പര്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പണം നല്‍കി ജനവിധി അട്ടിമറിക്കപ്പെടുന്ന ഈ പ്രവണത തുടര്‍ന്നാല്‍ സമ്പന്നരുടെ കരങ്ങളിലൊതുങ്ങും തിരഞ്ഞെടുപ്പും ജനാധിപത്യവും. പണപ്പെട്ടികളിലല്ല, വോട്ടര്‍മാരുടെ നിര്‍ഭയവും നിസ്വാര്‍ഥവുമായ തീരുമാനങ്ങളിലാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. ശക്തമായ നിയമ നിര്‍മാണത്തിലൂടെയും രാഷ്ട്രീയ ശുദ്ധീകരണത്തിലൂടെയും മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

 

Latest