National
ഡല്‍ഹി മദ്യനയ കേസ്: അറസ്റ്റിനെ ചോദ്യം ചെയ്ത് സഞ്ജയ് സിംഗ് ഹൈക്കോടതിയില്‍
ഡല്‍ഹി ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. ഒക്ടോബര്‍ നാലിനാണ് എഎപി നേതാവിനെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ഇഡി അറസ്റ്റ് ചെയ്തത്.
		
      																					
              
              
            ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്ത് എഎപി നേതാവ് സഞ്ജയ് സിംഗ് ഹൈക്കോടതിയില്‍. മദ്യനയക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിംഗ് ഹൈകോടതിയെ സമീപിച്ചത്. വിചാരണക്കോടതി നല്‍കിയ റിമാന്‍ഡിനെയും സിംഗ് ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം ഡല്‍ഹി ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. കേസില്‍ ഒക്ടോബര്‍ നാലിനാണ് എഎപി നേതാവിനെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ഇഡി അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ ഏജന്‍സി കണ്ടെത്തിയ കണ്ടെത്തലിന്റെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഡല്‍ഹി കോടതി സഞ്ജയ് സിംഗിനെ റിമാന്‍ഡ് ചെയ്തത്. പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്റെതാണ് ഉത്തരവ്.
ഡല്‍ഹി മദ്യനയ രൂപീകരണത്തിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതില്‍ സഞ്ജയ് സിംഗിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചു. കുറ്റാരോപിതനായ ദിനേഷ് അറോറയില്‍ നിന്നാണ് സഞ്ജയ് സിംഗ് പണം കൈപ്പറ്റിയതെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എഎപി നേതാവാണ് സഞ്ജയ് സിംഗ്. അദ്ദേഹത്തിന് പുറമെ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മറ്റു കേസുകളില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
