Connect with us

National

മമതക്കെതിരെ വധഭീഷണി മുഴക്കി; ബംഗാളില്‍ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ ബി ജെ പിക്കെതിരെ ആരോപണവുമായി ടി എം സി

'ഇതൊക്കെയായിട്ടും തികഞ്ഞ നിശ്ശബ്ദത പാലിച്ച് കാഴ്ചക്കാരായി നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.'

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ, മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി ജെ പി വധഭീഷണി മുഴക്കിയതായി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ്. ‘വെടിവെക്കൂ’ (ഗോലി മാരോ), ‘തട്ടിക്കളയൂ’ (തോക് ദോ) എന്ന നയമാണ് ബി ജെ പി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ടി എം സി കുറ്റപ്പെടുത്തി.

ദക്ഷിണ 24 പര്‍ഗാനാസില്‍ നടന്ന റെയ്ഡിനിടെ ടി എം സി സ്ഥാനാര്‍ഥി ജഹാംഗിര്‍ ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസ് നിരീക്ഷകനായ അജയ് പാല്‍ ശര്‍മ, ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ബലാത്സംഗ ഭീഷണി, നീചമായ പ്രചാരണങ്ങള്‍, അപമാനപ്പെടുത്തുന്ന കാരിക്കേച്ചറുകള്‍ എന്നിവക്കു പിന്നാലെ മമതക്കെതിരെ തുറന്ന വധഭീഷണിയും മുഴക്കുകയാണ് ബി ജെ പിയെന്ന് എക്‌സിലെ പാര്‍ട്ടി ഔദ്യോഗിക ഹാന്‍ഡില്‍ കുറിച്ചു. ‘ഇതൊക്കെയായിട്ടും തികഞ്ഞ നിശ്ശബ്ദത പാലിച്ച് കാഴ്ചക്കാരായി നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം മാറ്റങ്ങളാണ് ബി ജെ പി ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. യു പിയിലെയും ബിഹാറിലെയും തെരുവുകളില്‍ മറ്റും നടപ്പാക്കുന്ന വെടിവച്ചു കൊല്ലൂ, തട്ടിക്കളയൂ സംസ്‌കാരം ഇവിടെയും കൊണ്ടുവരാനാണ് നീക്കം.’- പാര്‍ട്ടി പറഞ്ഞു.

ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങളെ വെടിവച്ചു കൊല്ലും ദീദി..എന്ന ബി ജെ പി ദേശീയ വക്താവ് അലോക് അജയ് യുടെ പോസ്റ്റും ടി എം സി പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ക്ക് അനുമതി നല്‍കുകയാണെന്നും ബംഗാളിന്റെ മകള്‍ക്ക് നേരെയുള്ള ഈ അപമാനത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ടി എം സി നേതാക്കള്‍ പ്രതികരിച്ചു.

എന്നാല്‍ തൃണമൂലിന്റെ ആരോപണങ്ങള്‍ ബി ജെ പി നിഷേധിച്ചു. തങ്ങളുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് ‘ഇരവാദം’ കളിക്കുകയാണെന്ന് അലോക് അജയ് ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസ് നിരീക്ഷകനായ അജയ് പാല്‍ ശര്‍മയെ ‘സിങ്കം’ എന്ന് പുകഴ്ത്തി ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി.

 

---- facebook comment plugin here -----

Latest