Kerala
വഴിക്കടവ് അപകടം: രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് എം വി ഗോവിന്ദന്
15 കാരന്റെ മരണത്തില്‍ പ്രതി വിനേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന വിവരം അറിഞ്ഞതോടെ സമരം നടത്തിയ യു ഡി എഫ് പിന്മാറി

നിലമ്പൂര്‍ | വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നില്‍ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെണിവച്ചതിന് പോലീസ് പിടികൂടിയ ആള് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കൂടാതെ സംഭവം നടന്ന വാര്‍ഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡാണ്. ഇദ്ദേഹം ആര്യാടന് ഷൗക്കത്തിന്റെ അടുത്ത സുഹൃത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പന്നികളെ കൊല്ലാന്‍ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. കെഎസ്ഇബി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചു. ഉത്തരവാദിയായ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നാട്ടിലിറങ്ങുന്ന പന്നിയെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. എന്നാല്‍ ഈ പഞ്ചായത്ത് ഇതുവരെ ഇക്കാര്യം ചെയ്തില്ല. അനധികൃതമായി പന്നിയെ കൊന്ന് ഇറച്ചി വില്‍ക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, 15 കാരന്റെ മരണത്തില്‍ പ്രതി വിനേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന വിവരം അറിഞ്ഞതോടെ സമരം നടത്തിയ യു ഡി എഫ് നേതൃത്വം പിന്മാറി. സംഭവം നടന്നയുടന്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ദുരന്ത വിവരമറിഞ്ഞ് എല്ലാവരും പകച്ച് നില്ക്കുമ്പോള് യു ഡി എഫ് സമരവുമായി രംഗത്തുവന്നു. സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം എന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി ഷൗക്കത്തും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനേഷ് പന്നിയെ വേട്ടയാടി വില്‍ക്കുന്നയാളാണ്.
ഇയാളും കുടുംബവും ഒക്കെ കോണ്‍ഗ്രസിന്റെ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട്.നേരത്തെയും വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കി പന്നിയെ പിടികൂടിയിട്ടുണ്ട്. വിനേഷിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിയുകയായിരുന്നു. പന്നികളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെനും ആരോപണമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് സമാന രീതിയില്‍ ഷോക്കേറ്റ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അനങ്ങിയിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
വഴിക്കടവിലെ അപകടത്തില്‍ കെണിയില്‍ നിന്നും അനന്ദു ഷോക്കേറ്റു പിടയുന്ന സമയത്ത് പ്രതിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് വിനേഷ് സമീപത്ത് ഉണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നു. എന്നാല്‍ കുട്ടിയെ രക്ഷിക്കാന്‍ ഇയാള്‍ തയാറായില്ല. ഇയാള്‍ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുത്തു വയ്ക്കാന്‍ പറഞ്ഞെന്നും പിന്നീട് മറ്റു പല കേന്ദ്രങ്ങളിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ചെന്നുമാണ് പോലീസ് നല്കുന്ന സൂചന. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് പ്രതിയെ പിടി കൂടിയിരുന്നു.