Kannur
മലിന ജലം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കണ്ണൂരില്‍ അയല്‍വാസിയെ അടിച്ചുകൊന്നു
സംഭവത്തില്‍ അയല്‍വാസികളായ ടി ദേവദാസ്, മകന്‍ സഞ്ജയ് ദാസ്, മകന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍|കണ്ണൂര്‍ പളളിക്കുന്നില്‍ മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി ദേവദാസ്, മകന്‍ സഞ്ജയ് ദാസ്, മകന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അജയകുമാര്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് അയല്‍വാസി ചോദ്യം ചെയ്തത് വാക്ക് തരക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. വാക്കു തര്‍ക്കത്തിനിടെ ഇവരെ നാട്ടുകാര്‍ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ സംഘം അജയ് കുമാറിന്റെ വീട്ടിലേക്ക് തിരിച്ചെത്തി കല്ലും വടികളും ഹെല്‍മെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അജയകുമാറിനെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.