Connect with us

noushad missing case

കൊലപാതകം സമ്മതിച്ചത് പോലീസ് മർദനത്തിന് ശേഷം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

Published

|

Last Updated

പത്തനംതിട്ട | പോലീസിൻ്റെ ക്രൂര മർദനത്തെത്തുടർന്നാണ് കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് ഭാര്യ അഫ്സാന വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കാൻ  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച് ജയില്‍ മോചിതയായ ശേഷം സംസാരിക്കുകയായിരുന്നു അഫ്‌സാന. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നും പിതാവിനെ ഉള്‍പ്പെടെ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും അഫ്‌സാന പറഞ്ഞു.

മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും വ്യക്തമാക്കിയ അഫ്‌സാന പോലിസ് തല്ലിയ പാടുകളും  കാണിച്ചു. താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഡിവൈ എസ് പി കേട്ടാലറയ്ക്കുന്ന തെറികളാണ് വിളിച്ചത്. തനിക്കിനിയും ജീവിക്കണം. പക്ഷെ , നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങള്‍ നേരിട്ടു. പോലിസ് പീഡനത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനല്‍കും.

സംഭവ ദിവസം രാവിലെ നൗഷാദ് പരുത്തിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പോലീസിനോട് പറഞ്ഞു. എന്നിട്ടും പൊലിസ് തന്നെ കൊലപാതകിയാക്കുകയായിരുന്നു. കുഞ്ഞുങ്ങളെ കാണണമെന്ന് പോലീസിനോട് പറഞ്ഞിട്ടും സമ്മതിച്ചില്ല. തന്റെ പിതാവിനെ കെട്ടിത്തൂക്കി മര്‍ദിക്കുമെന്നും പൊലിസ് പറഞ്ഞു. വനിതാ പോലിസും മര്‍ദിച്ചിരുന്നു. രണ്ട് തവണ കുരുമുളക് സ്‌പ്രേ നടത്തി. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്‌സാന പറഞ്ഞിരുന്നു.

നൗഷാദ് തിരോധാന കേസില്‍ വകുപ്പുതല അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടുണ്ട്. പത്തനംതിട്ട അഡീഷനല്‍ എസ് പിക്കാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

Latest