Kozhikode
ഖാരിഅ് ഹസൻ മുസ്‌ലിയാർ അവാർഡ് ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർക്ക്; നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും
ഖുർആൻ പ്രബോധന രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം
കോഴിക്കോട്| മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അലുംനി സംഘടനയായ മർകസ് അത്ഖ സംഘടിപ്പിക്കുന്ന ‘കോൺഫാബ് 3.0’ സമ്പൂർണ പൂർവ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ‘ഖാരിഅ് ഹസൻ മുസ്‌ലിയാർ അവാർഡിന്’ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ അർഹനായി. ഖുർആൻ പ്രബോധന രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. നാളെ മർകസിൽ നടക്കുന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവാർഡ് സമ്മാനിക്കും.
1947 ൽ കോഴിക്കോട് ജില്ലയിലെ ചിയ്യൂരിലെ പ്രമുഖ പണ്ഡിത കുടുംബത്തിലാണ് ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാരുടെ ജനനം. വിശുദ്ധ ഖുർആനുമായി വലിയ ബന്ധം പുലർത്തുന്ന സ്വകുടുംബത്തിൽ നിന്ന് തന്നെയായിരുന്നു പ്രാഥമിക ഖുർആൻ പഠനം. പണ്ഡിത വനിതയായ വലിയുമ്മയുടെ സഹോദരി ആച്ചുട്ടി ഉമ്മയിൽ നിന്നാണ് ഖുർആൻ പാരായണം സ്വായത്തമാക്കിയത്.
നാട്ടിലെ പ്രാഥമിക ദർസ് പഠനത്തിന് ശേഷം കീഴന ഓറ്, കക്കുന്നത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ മഹാന്മാരിൽ നിന്ന് അറിവ് നേടി. തുടർന്ന് വാഴക്കാട് ദാറുൽ ഉലൂമിൽ റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെയും ചാലിയം ദർസിൽ ബഹ്‌റുൽ ഉലൂം ഒകെ ഉസ്താദിന്റെയും കീഴിൽ ഉപരിപഠനം നടത്തി. മർകസിൽ എത്തിയ ശേഷമാണ് ഖാരിഅ് ഹസൻ മുസ്‌ലിയാരിൽ നിന്ന് വിശുദ്ധ ഖുർആനിൽ ‘സനദ് മുത്തസിൽ’ നേടുന്നത്.
പഠനശേഷം എടച്ചേരി തലായിയിൽ തുടർച്ചയായി 17 വർഷം ദർസ് നടത്തി. 1988-ൽ മർകസ് ബോർഡിംഗിൽ സ്വദർ മുഅല്ലിമായി ചുമതലയേറ്റ അദ്ദേഹം, 1992 മുതൽ തുടർച്ചയായി 20 വർഷത്തോളം മർകസ് ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ ഖുർആൻ അധ്യാപകനായി മികച്ച സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ വിശുദ്ധ ഖുർആന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പ്രതിഭകൾ അദ്ദേഹത്തിന്റെ ശിഷ്യരാണ്. പ്രമുഖ സൂഫിവര്യനായ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അടക്കം നിരവധി സാത്വികരുമായി ആത്മബന്ധം പുലർത്തിയ മഹദ് വ്യക്തിത്വമാണ് ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ.
Content Highlights:
Chiyyoor Muhammad Musliyar has been selected for the Qari Hassan Musliyar Award instituted by Markaz Athqa. The award recognizes his lifelong contributions to Quran propagation. Samastha General Secretary Kanthapuram A P Aboubacker Musliyar will present the award tomorrow at Markaz.



