Connect with us

electricity

ചിതലി കാറ്റാടി വൈദ്യുതി പദ്ധതി: 86.01 ലക്ഷം രൂപയുടെ രൂപരേഖക്ക് ഭരണാനുമതി

ലക്ഷ്യം 100 കിലോ വൈദ്യുതോത്‌പാദനം

Published

|

Last Updated

തരൂർ | ചിതലി കോട്ടമല കാറ്റാടി വൈദ്യുതോത്പാദന പദ്ധതി കെ എസ് ഇ ബി പുനരുജ്ജീവിപ്പിക്കുന്നു. 1989-ൽ സ്ഥാപിച്ച ഈ പദ്ധതിയാണ് സംസ്ഥാനത്ത് ആദ്യമായി കാറ്റാടിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമം നടത്തിയത്. 95 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ വൈദ്യുതോത്പാദനം നടത്തിയെങ്കിലും പ്രതീക്ഷിച്ചഫലം ഉണ്ടാകാതിരുന്നതിനാൽ പാതിവഴിയിൽ ഉപേക്ഷിച്ചു.

കാറ്റാടിയന്ത്രവും ജനറേറ്ററുമൊക്കെ കാലപ്പഴക്കത്തിൽ ഉപയോഗശൂന്യമായി. പദ്ധതി പുനരുജ്ജീവിപ്പിക്കുന്പോൾ ഇതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കേണ്ടിവരും. പാരമ്പര്യേതര ഊർജോത്പാദനം വർധിപ്പിക്കാനുള്ള കെ എസ് ഇ ബി യുടെ തീരുമാനത്തിന്റെ ഭാഗമായാണ് കോട്ടമല പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. കെ എസ് ഇ ബി തൃശൂർ സർക്കിൾ ജനറേറ്റിംഗ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തയ്യാറാക്കിയ 86.01 ലക്ഷം രൂപയുടെ രൂപരേഖക്ക് സെപ്തംബർ 30ന് ഭരണാനുമതിയായി. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ കെ എസ് ഇ ബി നിർദേശം നൽകി.

100 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പുതിയ കാറ്റാടിയന്ത്രവും ജനറേറ്ററുമാണ് സ്ഥാപിക്കുക. ഇതിനാവശ്യമായ ശക്തിയിൽ കാറ്റ് ലഭിക്കുമെന്നാണ് പഠന റിപ്പോർട്ട്. കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിന് 1989 ൽ ഏറ്റെടുത്ത തേങ്കുറിശ്ശി- രണ്ട് വില്ലേജിലെ 0.0920 ഹെക്ടർ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. പെരുങ്കുന്നത്ത് 0.255 ഹെക്ടർ സ്ഥലം വനം വകുപ്പിൽ നിന്ന് അന്ന് പാട്ടത്തിനെടുത്തത് കൂടി ലഭ്യമാക്കും.