National
നീറ്റ് പ്രതിഷേധക്കാര്‍ക്കെതിരായ എഫ് ഐ ആറുകള്‍ റദ്ദാക്കാന്‍ കേന്ദ്രം; സുപ്രീംകോടതിയെ സമീപിച്ചു
ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം.
ന്യൂഡല്‍ഹി|ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിഷേധത്തിനിടെ അക്രമം നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ തിങ്കളാഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാറിന്റെ അപേക്ഷ സെപ്തംബര്‍ ഒന്നിന് സുപ്രീംകോടതി പരിഗണിക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായെന്നാരോപിച്ചാണ് ചില വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അതേസമയം, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് നീങ്ങുമെന്ന് സംഘടന അറിയിച്ചു. നീറ്റ് വിഷയത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം നേരിട്ടതായി ആരോപിക്കുന്നവരും മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നാണ് സി ജെ പി വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: The Central Government moved the Supreme Court seeking the quashing of FIRs registered against students during protests over NEET exam irregularities. Solicitor General Tushar Mehta requested an urgent hearing under Article 142 before a bench led by Chief Justice Surya Kant. Meanwhile, the Cockroach Janata Party announced a protest march in Delhi on September 5.


