Connect with us

Kerala

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോര്‍ട്ട് നല്‍കി

അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഇന്ന് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോര്‍ട്ട് നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് ചുമത്തിയത്. അനിലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

അതേസമയം, ചേന്തി അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഇന്ന് പരിഗണിക്കും. ഇതിനിടെയാണ് അനിലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. അനിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷയും നല്‍കിയിട്ടുണ്ട്. പ്രതിയുടെ ശബ്ദ പരിശോധന നടത്തണമെന്നാണ് പോലീസ് അപേക്ഷയില്‍ പറയുന്നത്. പ്രതിക്ക് ജാമ്യം നല്‍കരുത്. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് അപേക്ഷയില്‍ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാലാണ് ചേന്തി അനിലിനെ പുറത്താക്കിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം.

 

Latest