International
ഗ്രാന്‍ഡ് ക്യാനിയന്‍ നാഷണല്‍ പാര്‍ക്കില്‍ മിന്നല്‍ പ്രളയം; 15 പേരെ കാണാതായി
62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി.
അരിസോണ| അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാന്‍ഡ് ക്യാനിയന്‍ നാഷണല്‍ പാര്‍ക്കില്‍ മിന്നല്‍ പ്രളയം. സ്ഥലത്തുനിന്ന് 15 പേരെ കാണാതായി. 62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പ്രളയത്തില്‍ മേഖലയിലെ കാല്‍ നടപ്പാലങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ശക്തമായ മഴയില്‍ ബ്രൈറ്റ് എയ്ഞ്ചല്‍ ക്യാനിയന്‍, ഫാന്റം റാഞ്ച് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കാല്‍നടപ്പാലങ്ങള്‍ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂര്‍ണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്.
പ്രളയ അപകടസാധ്യത മനസ്സിലാക്കി നിരവധി പേരെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബാക്ക്പാക്കിംഗിനോ ട്രെക്കിംഗിനോ ആയി ഈ പ്രദേശങ്ങളില്‍ പോയവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights:
Flash floods triggered by heavy rains hit Grand Canyon National Park in Arizona, leaving 15 people missing. Authorities evacuated 62 individuals via helicopters after footbridges and trails were destroyed in Bright Angel Canyon and Phantom Ranch. Search and rescue operations remain ongoing.

