Kerala
യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ എസ് എഫ് ഐ നേതാവിനെ സി പി എം പുറത്താക്കി
പൈസക്കരി ദേവമാതാ കോളേജിലെ യു യു സി നവനീതിനെതിരെയാണ് സി പി എം ചുഴലി ലോക്കല്‍ കമ്മിറ്റി നടപടി സ്വീകരിച്ചത്
കണ്ണൂര്‍ | യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയെന്ന ആരോപണം ഉയര്‍ന്ന എസ് എഫ് ഐ നേതാവ് കെ നവനീതിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി പി എം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
പരാതിക്കാരിക്ക് നിയമസഹായം നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. പൈസക്കരി ദേവമാതാ കോളേജിലെ യു യു സിയാണ് നവനീത്. ഓഗസ്റ്റ് 20-ന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടത്.
യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകര്‍ത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ ഈ ദൃശ്യങ്ങളെല്ലാം ഫോണില്‍ നിന്ന് നീക്കംചെയ്യിച്ചെന്ന് പരാതിയില്‍ പറയുന്നു.
പിന്നീടാണ് ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ ഫോണില്‍ നിന്ന് പരാതിയില്‍ ആരോപിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് പ്രതിയെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയുടെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരാതിയില്‍ ആരോപിക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ വീണ്ടെടുക്കാനായാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Content Highlights:
CPM Chuzhali Local Committee has expelled SFI leader K Navaneeth from primary membership over allegations of filming a woman in her bathroom. The party stated it would provide legal aid to the complainant to ensure justice. Sreekandapuram Police have submitted his mobile phone for forensic examination.

