From the print
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ന് ജനകീയ വിചാരണ, ഒന്നിന് മഹാറാലി
19 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാന്‍ ഇന്ത്യ സഖ്യം. വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ് ഐ ആര്) ക്രമക്കേടുകളും വോട്ട് കവര്‍ച്ച ആരോപണങ്ങളും ഉയര്‍ത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന ‘മോക്ക് പാര്‍ലമെന്റ്’ പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാര്‍ലിമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികള്‍ ഒഴിവാക്കുന്നതിനായി പരിപാടിയെ ജനകീയ കുറ്റവിചാരണ എന്ന് പുനര്‍നാമകരണം ചെയ്തതായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ മഹാറാലി സംഘടിപ്പിക്കും.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് ജനകീയ വിചാരണ സംഘടിപ്പിക്കുന്നത്. അശോക ഹോട്ടല്‍ ഉള്‍പ്പെടെ രണ്ട് പൊതുവേദികള്‍ക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദി ഖാര്‍ഗെയുടെ വസതിയിലേക്ക് മാറ്റിയത്. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ നടപടിക്രമങ്ങളില്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. കോണ്‍ഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്റാം രമേശ്, മാണിക്കം ടാഗോര്‍, പവന് ഖേര, തൃണമൂല്‍ കോണ്‍ഗ്രസ്സ്, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ജനകീയ വിചാരണാ നടപടികള്‍ വൈകിട്ട് മൂന്നിന് ആരംഭിച്ച് രാത്രി 7.30 വരെ തുടരും. ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. രാഹുല്‍ ഗാന്ധിയാകും അവസാനം സംസാരിക്കുക.
19 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ഓരോരുത്തര്‍ക്കും അഞ്ച് മിനുട്ട് വീതമാണ് സമയം അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സിനും എസ് പിക്കും പത്ത് മിനുട്ട് വീതമാണ് അനുവദിച്ചത്. വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തികള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. പൊതുസമൂഹത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ഇവരുള്‍പ്പെടെ മുപ്പതോളം പേര് സംസാരിക്കും.
യു ട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനകീയ പാര്ലിമെന്റ്തത്സമയം സംപ്രേഷണം ചെയ്യാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ദേശീയ ഗാനത്തോടെയായിരിക്കും പരിപാടി അവസ3നിപ്പിക്കുക.
പോരാട്ടം തുടരും
തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തിയുള്ള വോട്ട് അട്ടിമറികള്ക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവര്‍ത്തിച്ചു. ഇന്ന് നടക്കുന്ന ജനകീയ വിചാരണക്ക് പിന്നാലെ നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന മഹാറാലിയില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ പാര്‍ലിമെന്റില്‍ ഒന്നിലധികം ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല.
Content Highlights: Opposition parties intensify demands for Chief Election Commissioner Gyanesh Kumar’s resignation over growing controversies. A public trial is scheduled for today as part of nationwide agitations led by political fronts. A massive mega rally will be held on November 1 to show political strength.


