Kerala
കടല്‍ കടന്ന് തിരിച്ചെത്തിയാലും പ്രവാസിക്ക് രക്ഷയില്ല; നോര്‍ക്ക കെയര്‍ പ്രീമിയം നിരക്കുകള്‍ മുന്നറിയിപ്പില്ലാതെ കുത്തനെ വര്‍ധിപ്പിച്ചു
കുറഞ്ഞ നിരക്കുകളില്‍ പോലും 8,200 രൂപ മുതലാണ് പ്രീമിയം തുക വര്‍ധിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയിലുള്ളവര്‍ക്ക് ഇത് മുന്‍വര്‍ഷത്തേക്കാള്‍ 22,000 രൂപയിലധികം അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
ദമാം | വിദേശത്തു നിന്നും മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ (NORKA Care) ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകള്‍ മുന്നറിയിപ്പില്ലാതെ കുത്തനെ വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 13,450 രൂപ പ്രീമിയം അടച്ചാല്‍ അഞ്ചുലക്ഷം രൂപ മുതല്‍ ഒരുകോടി രൂപ വരെ പരിരക്ഷ ഉറപ്പു നല്‍കിയിരുന്ന പദ്ധതിയിലാണ് ഇപ്പോള്‍ വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വന്നതോടെ, കുറഞ്ഞ നിരക്കുകളില്‍ പോലും 8,200 രൂപ മുതലാണ് പ്രീമിയം തുക വര്‍ധിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയിലുള്ളവര്‍ക്ക് ഇത് മുന്‍വര്‍ഷത്തേക്കാള്‍ 22,000 രൂപയിലധികം അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പ്രീമിയം കൂട്ടാതെ മറ്റ് വഴികളില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രവാസി ലോകത്ത് വലിയ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ പോളിസി നല്‍കിയിരുന്ന ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഇത്തവണ വലിയ നഷ്ടം കാരണം ക്വട്ടേഷന്‍ നല്കാന് തയ്യാറായില്ലെന്നും, നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്നും ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്ധനയെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സാധാരണ നിലയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാന്‍ പ്രയാസമാണ്. ക്ഷേമനിധിയില്‍ അംശദായമായി 700 കോടി രൂപയോളം പിരിഞ്ഞു കിട്ടാനുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മുമ്പ് പ്രായവ്യത്യാസമില്ലാതെ ഏകീകൃത നിരക്കായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സ്ലാബുകള്‍ തിരിച്ചത് സാധാരണക്കാരായ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 51 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ അഞ്ചുലക്ഷം രൂപയുടെ ഫാമിലി പോളിസി നിരക്ക് 13,411 രൂപയില്‍ നിന്നും ഒറ്റയടിക്ക് 35,664 രൂപയായാണ് കുതിച്ചുയര്‍ന്നത്. സര്‍ക്കാര്‍ പദ്ധതിയാണെന്ന വിശ്വാസത്തില്‍ പഴയ സ്വകാര്യ പോളിസികള്‍ ഉപേക്ഷിച്ച് നോര്‍ക്കയിലേക്ക് മാറിയ പ്രവാസികളെ ഈ അപ്രതീക്ഷിത വര്‍ധന വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനെതിരെ ഗള്‍ഫ് മേഖലയിലെ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Norka Care has suddenly increased its health insurance premium rates without prior notice, leaving non-resident Keralites in distress. The steep hike creates a heavy financial burden for returning expats and active NRIs relying on the state welfare scheme.

