International
സിറിയയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു
റാക്കയിലെ അല്ബനാത്, അല്യൂനാനി, അല്മഖാസ് എന്നീ അഭയാര്‍ഥി ക്യാമ്പുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചു.
ലണ്ടന്‍ | സിറിയയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് പിന്നാലെ വെള്ളപ്പൊക്കം. ഇതേ തുടര്‍ന്ന് അലെപ്പോ, റാക്ക, ഡെയര്‍ എസ്സോര്‍, ഹാമ, ഹോംസ്, ലതാക്കിയ എന്നീ പ്രദേശങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് 375 കുടുംബങ്ങളെ ഒഴിപ്പിച്ചു. സിറിയന്‍ അടിയന്തര ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചതാണ് ഈ വിവരം. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റുമുണ്ടായി. വെള്ളപ്പൊക്കത്തില്‍ ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയും പല റോഡുകളും അടച്ചിടേണ്ടി വരുകയും ചെയ്തു.
റാക്കയിലെ അല്ബനാത്, അല്യൂനാനി, അല്മഖാസ് എന്നീ അഭയാര്‍ഥി ക്യാമ്പുകളിലാണ് വെള്ളം കയറിയത്. വെള്ളപ്പൊക്കത്തില്‍ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ തകര്‍ന്നു. 350ലധികം അടിയന്തര സഹായ അഭ്യര്‍ഥനകളില്‍ രക്ഷാപ്രവര്‍ത്തകര്‍ 165 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും മന്ത്രാലയം വ്യക്തമാക്കി. കാസ്രത് സുറൂറിലെ അഴുക്കുചാലിന് മുകളിലുണ്ടായിരുന്ന മണ്‍പാത തകര്‍ന്നത് നൂറിലധികം കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. അയല്‍ പ്രവിശ്യയായ ഡെയര്‍ എസ്സോറില്‍ മൂന്ന് പാലങ്ങള്‍ തകര്‍ന്നു.
അല്കന്താരി, അല്സല്മാനി പാലങ്ങളിലും കാസ്രത് സുറൂര്‍ പാതയിലുമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ 150ലധികം വീടുകളില്‍ നിന്നും രണ്ട് ആശുപത്രികളില്‍ നിന്നും സ്കൂളുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കി.


