National
ആവശ്യങ്ങള്‍ അംഗീകരിച്ചു; ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി സമരം വിജയത്തിലേക്ക്
സ്റ്റുഡന്റ്സ് യൂണിയന് ഭരണഘടന 2027 മെയ് 15നകം അംഗീകരിച്ച് നടപ്പിലാക്കും. പുതിയ അധ്യയന വര്‍ഷം തുടങ്ങി ആറാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തും.
ന്യൂഡല്‍ഹി | ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം വിജയത്തിലേക്ക്. സമരക്കാരുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചു. സ്റ്റുഡന്റ്സ് യൂണിയന്റെ ഭരണഘടന 2027 മെയ് 15നകം അംഗീകരിച്ച് നടപ്പിലാക്കുമെന്നും പുതിയ അധ്യയന വര്‍ഷം തുടങ്ങി ആറാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പുതിയ അധ്യയന വര്‍ഷം 2027 ജൂലൈ 16ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് വിദ്യാര്‍ഥി യൂണിയന് നിലവില്‍ വരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. സമരത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്ന ക്ലാസുകളും പരീക്ഷകളും ഇനി ക്യാമ്പസില്‍ വെച്ച് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയിരുന്ന കാരണം കാണിക്കല്‍ നോട്ടീസുകളും അച്ചടക്ക നടപടികളും പിന്‍വലിക്കും. വിദ്യാര്‍ഥികളെ പുറത്താക്കിയതോ സസ്പെന്‍ഡ് ചെയ്തതോ ആയ ഉത്തരവുകളും റദ്ദാക്കും. യൂണിയന് ഭരണഘടന അംഗീകരിച്ചാലുടന്‍ ലിങ്ദോ കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ഥി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
വിദ്യാര്‍ഥി യൂണിയന് ഭരണഘടന അംഗീകരിക്കുന്ന തീയതി മുതല്‍ 15 ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഒക്ടോബര്‍ 26ന് പുറപ്പെടുവിച്ച ഉത്തരവില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ സമയപരിധി വ്യക്തമല്ലാത്തതിനാല്‍ നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ ആ ഉത്തരവ് തള്ളിക്കളയുകയും സമരം തുടരുകയും ചെയ്തു. ഡിസംബര്‍ 20നകം ഭരണഘടന തയ്യാറാക്കി അംഗീകരിക്കണമെന്നും, അതിനുശേഷം 15 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
2006ല്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യ സ്റ്റുഡന്‍സ് യൂണിയന് പിരിച്ചുവിട്ടിരുന്നു. അതിനുശേഷം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ല. ജാമിയ അധികൃതര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍, പിന്‍വലിക്കപ്പെടാന്‍ പോകുന്ന കൂടുതല്‍ അച്ചടക്ക നടപടികളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.


