Connect with us

Ongoing News

മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസ്; പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്

വൈക്കത്തെ പെട്രോള്‍ പമ്പില്‍ വെച്ച് പ്രിയദര്‍ശിനി ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ ചെറിയ തര്‍ക്കമാണ് വലിയ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

Published

|

Last Updated

കോട്ടയം| വൈക്കം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷയും വിധിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത് . ചെമ്പ് സ്വദേശി നോയല്‍ (23) കൊല്ലപ്പെട്ടത്.

ഒന്നാം പ്രതി ഷമീര്‍ (45), സഹോദരന്‍ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുള്‍ അസീസ് (64), സുധീര്‍ (47), ഷാജി (54) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. മറ്റ് പ്രതികളായ മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ വെറുതേ വിട്ടു.

2012 മാര്‍ച്ച് 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈക്കത്തെ പെട്രോള്‍ പമ്പില്‍ വെച്ച് പ്രിയദര്‍ശിനി ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ ചെറിയ തര്‍ക്കമാണ് വലിയ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

ബസ് ഡ്രൈവര്‍ നോബിളിനെ അസീസ് ആദ്യം മര്‍ദ്ദിച്ചു. പിന്നീട് മക്കളെയും കൂട്ടി ബസ് തടഞ്ഞുനിര്‍ത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. ഇയാളെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രതികൾ അവിടെയെത്തി നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും മർദിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയംതേടിയെങ്കിലും മാരകായുധങ്ങളുമായി പ്രതികൾ പിന്തുടർന്നെത്തി വീട്ടിലേക്ക് ഇരച്ചുകയറി. ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ മുറിഞ്ഞപുഴയാറ്റില്‍ ചാടിയെങ്കിലും, കരയില്‍ നിന്ന പ്രതികള്‍ ഇവരെ ക്രൂരമായി കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. ഇതിനിടെയാണ് നോയല്‍ മുങ്ങിമരിച്ചത്. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരുക്കേറ്റ നോബിളിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

 

---- facebook comment plugin here -----

Latest