Kerala
മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് വീണ്ടും തിരിച്ചടി; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ കോടതി ഉത്തരവ്
എക്‌സാലോജിക് കമ്പനിയും പിണറായി വിജയന്റെ മകള്‍ വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു
കൊച്ചി | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്തല കേസില്‍ സിഎംആര്‍എല്ലിന് കോടതിയില്‍ നിന്നും തിരിച്ചടി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാന്‍ കൊച്ചിയിലെ കമ്പനി കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവിട്ടു. നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിര്‍ണായക രേഖകളാണ് ഇഡിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. എക്‌സാലോജിക് കമ്പനിയും പിണറായി വിജയന്റെ മകള്‍ വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ രേഖകള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചിരുന്നു.
രേഖകള്‍ ഇഡിക്ക് നല്‍കുന്നതിനെ സിഎംആര്‍എല്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങള്‍ ഈ അപേക്ഷയില്‍ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഇഡിക്ക് രേഖകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു. നേരത്തെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ബെഞ്ചും തള്ളിയിരുന്നു.







