Connect with us

Education Notification

ഗെയിമിംഗ് വെറും കളിയല്ല

ഗെയിമിംഗ് രംഗത്തെ വ്യത്യസ്ത കരിയർ സാധ്യതകൾ ആർട്‌സ്, കൊമേഴ്‌സ് യോഗ്യത നേടിയവർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Published

|

Last Updated

പുതുതലമുറയെ വല്ലാതെ സ്വാധീനിക്കുന്ന വീഡിയോ ഗെയിം വലിയൊരു വ്യവസായവും അസംഖ്യം തൊഴിലുകൾ ലഭ്യമാക്കുന്ന അവസരങ്ങളുടെ ലോകവുമാണ്. ഗെയിമിംഗ് മേഖല വളർച്ചയുടെ അതിവേഗ പാതയിലാണ്. ലോക വ്യവസായ രംഗത്ത് 25,000 ബില്ല്യൺ രൂപ മൂല്യമുള്ള വ്യവസായമായി ഗെയിമിംഗ് മാറി കഴിഞ്ഞു. ഈ രംഗത്ത് കമ്പ്യൂട്ടർ വിദഗ്ധരുടെ ലഭ്യത കാരണം, ഇന്ത്യ അതിശീഘ്രം മുൻ നിരയിലേക്ക് കുതിക്കുകയാണ്. അവസരങ്ങൾക്കനുസരിച്ച കരിയർ പ്ലാനിംഗിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ മേഖലയിൽ സാധിക്കും. സർഗാത്മകത, സാങ്കേതിക ജ്ഞാനം, സോഫ്റ്റ് സ്‌കിൽ മുതലായ കഴിവുകൾ ഉള്ളവർക്ക് ഈ രംഗത്ത് ശോഭിക്കാനാകും. സയൻസ് യോഗ്യത ഉള്ളവർക്ക് മാത്രമേ ഈ രംഗത്ത് അവസരങ്ങൾ ഉള്ളു എന്നത് വലിയ തെറ്റിദ്ധാരണയാണ്. ഗെയിമിംഗ് രംഗത്തെ വ്യത്യസ്ത കരിയർ സാധ്യതകൾ ആർട്‌സ്, കൊമേഴ്‌സ് യോഗ്യത നേടിയവർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

നല്ല ദൃശ്യാനുഭവങ്ങളിലൂടെ കഥകൾ പറയാനും കളികൾ രൂപകൽപ്പന ചെയ്യാനും വെർച്വൽ റിയാലിറ്റി, നിർമിത ബുദ്ധി എന്നിവയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്നവരെ ഈ വ്യവസായത്തിന് വലിയ തോതിൽ ആവശ്യമുണ്ട്. കോഡിംഗിൽ താത്പര്യമുള്ളവർക്ക് ഗെയിമിംഗ് കരിയറിൽ കൂടുതൽ ശോഭിക്കാൻ കഴിയും. മനസ്സിലുദിക്കുന്ന ദൃശ്യ ആശയങ്ങൾ വിഡിയോ രൂപത്തിലേക്ക് മാറ്റാനുള്ള കഴിവാണ് ഈ മേഖലയിൽ ജോലി നേടാൻ ആവശ്യമായത്. ഗെയിമിംഗ് രംഗത്തെ പ്രധാന പ്രൊഫഷനുകളാണ് ഗെയിം ഡെവലപ്പർ, ഗെയിം ഡിസൈനർ എന്നിവ.

ഗെയിം ഡെവലപ്പർ

സോഫ്‌റ്റ്‌വെയർ കോഡുകൾ ഉപയോഗിച്ച് ഗെയിമിന്റെ പ്രവർത്തന രീതികൾ നിർമിക്കുകയും കളിക്കാൻ കഴിയുന്ന തരത്തിൽ വീഡിയോ ഗെയിമുകൾക്കാവശ്യമായ ലോജിക് നടപ്പാക്കുകയും ചെയ്യുന്ന ഒരു സോഫ്‌റ്റ്‌വെയർ വിദഗ്ധനാണ് ഗെയിം ഡെവലപ്പർ.

പ്രധാന ഉത്തരവാദിത്തങ്ങൾ

കോഡിംഗ് മെക്കാനിക്‌സ്: സി++, സി+, ജാവ പോലുള്ള സോഫ്‌റ്റ്‌വെയർ ലാംഗ്വേജുകൾ ഉപയോഗിച്ച് ഡിസൈൻ ആശയങ്ങളും നിയമങ്ങളും പ്രവർത്തനയോഗ്യമായ കോഡിലേക്ക് വിവർത്തനം ചെയ്യുക.

ഒപ്റ്റിമൈസേഷൻ: പി സി, കൺസോളുകൾ, മൊബൈൽ ഉപകരണങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഗെയിമിന്റെ സുഗമമായ പ്രകടനം, ലോഡിംഗ് സമയം കുറക്കൽ, പ്രവർത്തന സ്ഥിരത എന്നിവ ഉറപ്പാക്കുക.

സഹകരണം: പരസ്പരം ചർച്ച ചെയ്ത് തീരുമാനിച്ച ഗയിമിംഗ് ആശയങ്ങൾ നടപ്പിൽ വരുത്താൻ ഗെയിം ഡിസൈനർമാർ, ആർട്ടിസ്റ്റുകൾ, ഓഡിയോ എൻജിനീയർമാർ, ഗുണ നിലവാര വിദഗ്ധന്മാർ എന്നിവരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുക.

പരിശോധനയും ഡീബഗ്ഗിംഗും: ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഗെയിമിലെ തകരാറുകൾ, പ്രകടനത്തിലെ വ്യത്യാസങ്ങൾ, തകർന്ന സാങ്കേതിക ഘടനകൾ എന്നിവ കണ്ടെത്തി പരിഹരിക്കുക.

ഗെയിംപ്ലേ പ്രോഗ്രാമർ, ഗ്രാഫിക്‌സ് പ്രോഗ്രാമർ, എ ഐ പ്രോഗ്രാമർ, ടൂൾസ് പ്രോഗ്രാമർ തുടങ്ങി സ്‌പെഷ്യലൈസേഷനുകളും ഈ പ്രൊഫഷനിലുണ്ട്.

ഗെയിം ഡിസൈനർ

ഏതൊരു ഗെയിമും വിഭാവനം ചെയ്യുന്ന പ്രൊഫഷനൽ ആണ് ഗെയിം ഡിസൈനർ. ഗെയിമിന്റെ നിയമങ്ങൾ, എന്ത് അനുഭവമാണ് ഈ ഗെയിം കൊണ്ട് ഉണ്ടാകേണ്ടത് മുതലായ കാര്യങ്ങൾ തീരുമാനിക്കുന്നതും ഡിസൈനർ ആണ്.

ചുമതലകൾ

കണ്‌സപ്റ്റ് ആൻഡ് ഡോക്യൂമെന്റേഷൻ

ഗെയിമിന്റെ ആശയം, നിയമങ്ങൾ, തീം മുതലായ കാര്യങ്ങൾ തീരുമാനിക്കുക, അത് ഗെയിം ഡിസൈൻ ഡോക്യൂമെന്റിൽ രേഖപ്പെടുത്തുക.

കൊളാബറേഷൻ

ഈ പ്രോജെക്ടിലെ മറ്റ് അണിയറ പ്രവർത്തകരായ ഡെവലപ്പർമാർ, കലാകാരന്മാർ, എഴുത്തുകാർ സൗണ്ട് എൻജിനീയർമാർ മുതലായവരെ ഏകോപിപ്പിച്ച് ഗെയിം പരമാവധി കുറ്റമറ്റതാക്കുക

ഗെയിംപ്ലേ മെക്കാനിക്‌സ്

ഗെയിം കളിക്കുന്നവർ ഗെയിമുമായി എങ്ങനെ ഇടപെടണമെന്നതും മറ്റു സാങ്കേതിക വിഷയങ്ങളും തീരുമാനിക്കുക

പ്രോട്ടോടൈപിംഗ്

തുടക്കത്തിൽ മോഡലുണ്ടാക്കി അത് ടെസ്റ്റ് ചെയ്യുകയും വേണ്ട പരിഷ്‌കരണങ്ങൾ നടത്തി അതിനെ ഉദ്ദേശിച്ച രൂപത്തിൽ എത്തിക്കുകയും ചെയ്യുക.

ഈ രംഗത്തെ സാധാരണ സ്‌പെഷ്യലൈസേഷനുകൾ, സിസ്റ്റം ഡിസൈനിംഗ്, ലെവൽ ഡിസൈനിംഗ്, നരേറ്റീവ് ഡിസൈനിംഗ്, യു ഐ /യു എക്സ് ഡിസൈനിംഗ് മുതലായവയാണ്.

എവിടെ പഠിക്കാം

കേരളത്തിനകത്തും പുറത്തു അനേകം സ്ഥാപനങ്ങളിൽ ഗെയിമിംഗ് പഠിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമദാബാദ്, ഫിലിം, ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബെംഗളൂരു യൂനിവേഴ്‌സിറ്റി, ഗുജറാത്ത് യൂനിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപങ്ങളിൽ ഗെയിമിംഗ് പഠിക്കാം. കേരളത്തിൽ അസാപ് കേരള വിവിധ സ്‌പെഷ്യലൈസ്ഡ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുന്നുണ്ട്. പ്രസിഡൻസി കോളജ് ബെംഗളൂരു, ലൗലി പ്രൊഫഷനൽ യൂനിവേഴ്‌സിറ്റി തുടങ്ങി മുൻ നിര സ്വകാര്യ കോളജുകളും ഗെയിമിംഗ് രംഗത്തെ കോഴ്‌സുകൾ നടത്തുന്നുണ്ട്.

ഇത് കൂടാതെ അസംഖ്യം സ്വകാര്യ സ്ഥാപനങ്ങളിലും ഗെയിമിംഗ് സംബന്ധമായ കോഴ്‌സുകൾ ലഭ്യമാണ്. ഈ മേഖലയിലെ പ്രമുഖ സ്ഥാപങ്ങളുടെ സർട്ടിഫിക്കേഷനുകൾ നേടിയെടുക്കുന്നത് നന്നാകും. സിലബസ്സ് നോക്കി നല്ല കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിച്ചാൽ വലിയ അവസരങ്ങളാണ് ഗെയിമിംഗ് വ്യവസായ രംഗത്ത് ലഭ്യമാകുക.

Content Highlights: The global video game industry has expanded rapidly, opening vast career avenues for creative and technical minds. Roles like Game Developer and Game Designer offer immense potential for students across Science, Arts, and Commerce streams. Premier institutes like NID, FTII, and ASAP Kerala offer specialized training programs in game development.

---- facebook comment plugin here -----

Latest