Connect with us

National

തെലങ്കാന സൈനിക താവളത്തിലെ മോഷണം; ആറുപേര്‍ കസ്റ്റഡിയില്‍

മോഷണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയിലെ സെക്കന്ദരാബാദ് കണ്ടോണ്‍മെന്റ് മേഖലയിലെ സൈനിക താവളത്തില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍. സൈനിക താവളത്തിലെ മോഷണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ സൈനിക താവളത്തിലുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

മോഷണവുമായി ബന്ധപ്പെട്ട് അഗ്‌നിവീറുകളും സിവിലിയന്‍ ജീവനക്കാരും ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് ലഭിക്കുന്ന വിവരം. മോഷണം നടന്ന സാഹചര്യവും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്കുള്ള പ്രവേശനവും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. സൈനിക താവളത്തിന്റെ ചുമതലയുള്ള ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജസ്ഥാനില്‍ പരേഡുമായി ബന്ധപ്പെട്ട് പോയിരുന്ന സമയത്താണ് ആയുധങ്ങള്‍ മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തെലങ്കാന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ കരസേനയും സമാന്തരമായി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസമയത്ത് ആയുധപ്പുരയുടെ ഭാഗത്തുള്ള ചില സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് മോഷണം ആസൂത്രിതമായിരുന്നെന്ന സംശയം ശക്തമാക്കുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ആയുധപ്പുരയില്‍ എത്തുന്നത് എളുപ്പമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അകത്തുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്.

Content Highlights:
Six individuals including Agniveers were detained in connection with a planned weapon theft at the Secunderabad military base in Telangana. Police suspect internal help as CCTV cameras were found inactive during the crime. Both Telangana Police and the Indian Army have launched joint probes.

 

---- facebook comment plugin here -----

Latest