Connect with us

Kuwait

അര്‍ബുദം; കഴിഞ്ഞ വര്‍ഷങ്ങളില്‍ കുവൈത്തില്‍ മരണപ്പെട്ടത് 1,719 പേര്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10,885 അര്‍ബുദ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗം മൂലം 1,719 പേര്‍ മരണമടയുകയും ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 2020 ല്‍ 3,842 പേര്‍ക്ക് അര്‍ബുദ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രമുഖ ഇന്റേണല്‍ മെഡിസിന്‍ വിദഗ്ധ വഫാ അല്‍ ഹഷാഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്‍ കുടല്‍ അര്‍ബുദ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10,885 അര്‍ബുദ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗം മൂലം 1,719 പേര്‍ മരണമടയുകയും ചെയ്തു.

ആഗോള തലത്തില്‍ 2020-ല്‍ അര്‍ബുദ രോഗബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 10 ദശലക്ഷത്തില്‍ എത്തിയിരുന്നു. 2040 ഓടെ ഇത് 28.4 ദശലക്ഷത്തില്‍ എത്തിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് വഫാ അല്‍ ഹഷാഷ് വ്യക്തമാക്കി. ആഗോളതലത്തില്‍ ഓരോ അഞ്ച് പേരിലും ഒരാള്‍ അര്‍ബുദ ബാധിതരാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ എട്ട് പുരുഷന്മാരില്‍ ഒരാളും ഓരോ 11 സ്ത്രീകളില്‍ ഒരാളും അര്‍ബുദ രോഗബാധ മൂലം മരിക്കുന്നതായാണ് കണക്ക്. ആഗോളതലത്തില്‍ നാല് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ ബാധയുണ്ട്

വന്‍കുടല്‍, ഗര്‍ഭപാത്രം, ശ്വാസകോശം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളില്‍ സാധാരണമാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അല്‍ ഹഷാഷ് ചൂണ്ടിക്കാട്ടി. സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്നത് സ്തനാര്‍ബുദമാണ്. 21 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാകുന്നു. സ്ത്രീകളില്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 11 ശതമാനവും തൈറോയ്ഡ് കാന്‍സറിനുള്ള സാധ്യത ഏഴ് ശതമാനവും ആണ്. പുരുഷന്മാരില്‍ ഏറ്റവും അധികം കണ്ടുവരുന്നത് വന്‍കുടല്‍ അര്‍ബുദമാണ്- 14 ശതമാനം. പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് അര്‍ബുദ ബാധ നിരക്ക് 13 ശതമാനവും ശ്വാസകോശ അര്‍ബുദ ബാധ നിരക്ക് ഏഴ് ശതമാനവുമാണ്. സ്ത്രീകളില്‍ ബാധിക്കുന്ന 40 ശതമാനവും സ്തനാര്‍ബുദമാണ്. തൈറോയിഡ് ഗ്രന്ഥി അര്‍ബുദം 11 ശതമാനവും വന്‍കുടല്‍ കാന്‍സര്‍ എട്ട് ശതമാനവും ആണെന്നും വഫാ അല്‍ ഹഷാഷ് പറഞ്ഞു.

 

 

 

Latest