Connect with us

National

ബജറ്റ് സമ്മേളനം ജനുവരി 31ന്; കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| 2023 ലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിച്ച് ഏപ്രില്‍ 6ന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. രാഷ്ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപതി മുര്‍മു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്.

വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകളുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ഇടവേള എടുത്തതിന് ശേഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 6 ന് ആരംഭിച്ച് ഏപ്രില്‍ 6ന് അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയേക്കുമെന്ന റിപ്പാര്‍ട്ടുകളുമുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തില്‍, സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ അജണ്ടയ്ക്ക് പുറമെ വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള ഗ്രാന്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് പ്രധാനമായും നടക്കുക. കഴിഞ്ഞ സമ്മേളനത്തില്‍ ഒമ്പത് ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയും ഏഴ് ബില്ലുകള്‍ പാസാക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest