editorial
വ്യാപാര കൂട്ടായ്മയായി ചുരുങ്ങരുത് ബ്രിക്‌സ്
അംഗരാജ്യങ്ങള്‍ പരസ്പര പരമാധികാരത്തെ ബഹുമാനിക്കുമ്പോഴും സാധാരണക്കാരുടെ അവകാശ സംരക്ഷണത്തില്‍ പൊതുമാനദണ്ഡത്തിലെത്താന്‍ ഉച്ചകോടികള്‍ക്ക് സാധിക്കേണ്ടതുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം, പടിഞ്ഞാറന്‍ ശക്തികളുടെ ഏകപക്ഷീയമായ തീരുവ- ഉപരോധ പ്രഖ്യാപനം, ഐക്യരാഷ്ട്ര സമിതിയില്‍ ഘടനാപരമായ നവീകരണം, ഡോളറിനു പകരം പ്രാദേശിക കറന്‍സികള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള സംയുക്ത പ്രഖ്യാപനത്തോടെയാണ് ഡല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടി സമാപിച്ചത്. പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘര്‍ഷത്തില്‍ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. യുദ്ധത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്നു.
യു എന്‍ രക്ഷാ സമിതിയില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയന്‍ പ്രദേശങ്ങളടങ്ങിയ “ഗ്ലോബല്‍ സൗത്തി’ന് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് ബ്രിക്‌സിന്റെ ആവശ്യം. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രൂപവത്കരിക്കപ്പെട്ട രക്ഷാസമിതിയില്‍, ലോകഘടനയില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നില്ല. യു എന്‍ നിലവില്‍ വന്നിട്ട് 80 പതിറ്റാണ്ടിലേറെയായി. രൂപവത്കരണ കാലത്തെ അപേക്ഷിച്ച് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യയിലും സാമ്പത്തിക മേഖലയിലും വന്‍വര്‍ധനവുണ്ടായി. ഈ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ അതിനനുസരിച്ചുള്ള പ്രാതിനിധ്യം കൈവന്നിട്ടില്ല. ജനസംഖ്യയിലും സാമ്പത്തിക ശേഷിയിലും മികച്ച വളര്‍ച്ച കൈവരിച്ച രാജ്യങ്ങള്‍ക്ക് സമിതിയില്‍ സ്ഥിരാംഗത്വമില്ലാത്തത് അസന്തുലിതാവസ്ഥക്കിടയാക്കുന്നു. ലോകജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ഗ്ലോബല്‍ സൗത്തിനെ മാറ്റിനിര്‍ത്തി യു എന്‍ ആഗോള തീരുമാനങ്ങളെടുക്കുന്നത് നീതീകരിക്കാനാകില്ല. നിലവിലെ ലോകഘടനക്കനുസരിച്ച് രക്ഷാസമിതിയില്‍ പരിഷ്‌കരണം വേണമെന്നാണ് ബ്രിക്‌സിന്റെ നിലപാട്.
വികസ്വര രാജ്യങ്ങളുടെ സമ്പദ്്വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ പ്രഖ്യാപിക്കുന്ന ഏകപക്ഷീയമായ തീരുവകള്‍ക്കും ഉപരോധങ്ങള്‍ക്കുമെതിരായും നീതിയുക്തമായ ആഗോള വ്യാപാരക്രമത്തിനായും ബ്രിക്‌സ് ശബ്ദമുയര്‍ത്തുന്നു. ആഗോള വ്യാപാരരംഗത്ത് ആധിപത്യമുറപ്പിക്കാനും മറ്റു രാജ്യങ്ങളെ സ്വാധീനിക്കാനും വന്‍തീരുവ ഏര്‍പ്പെടുത്തുന്നതും സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നതും അമേരിക്കയുടെയും പടിഞ്ഞാറന്‍ ശക്തികളുടെയും പതിവു ശൈലിയായി മാറിയിരിക്കുകയാണ്. കയറ്റുമതിയിലെയും തൊഴിലവസരങ്ങളിലെയും ഇടിവ്, ഇന്ധനവില വര്‍ധന, ആഗോള വ്യാപാരത്തിലെ അസ്ഥിരത തുടങ്ങി ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്ക് നിരക്കാത്ത ഇത്തരം നിലപാടുകളില്‍ നിന്ന് പടിഞ്ഞാറന്‍ ശക്തികള്‍ പിന്തിരിയേണ്ടതുണ്ട്.
അംഗരാജ്യങ്ങള്‍ ഡോളര്‍ അധിഷ്ഠിത വ്യാപാരങ്ങള്‍ക്ക് പകരം പ്രാദേശിക കറന്‍സികളിലധിഷ്ഠിതമായ വ്യാപാരങ്ങള്‍ വര്‍ധിപ്പിക്കണമെന്നതാണ് പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. നിലവില്‍ രാജ്യാന്തര വ്യാപാരം ഭൂരിഭാഗവും ഡോളറിലാണ് നടക്കുന്നത്. വ്യാപാരം പരമാവധി പ്രാദേശിക കറന്‍സി അധിഷ്ഠിതമാക്കിയാല്‍ ഡോളറിനുള്ള ആവശ്യം കുറയുകയും ഇതുവഴി വിദേശനാണ്യ ശേഖരത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഡോളറധിഷ്ഠിത ആഗോള ധനകാര്യ സംവിധാനത്തില്‍ അമേരിക്കക്ക് വലിയ സ്വാധീനമുണ്ട്. ചില രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിക്കുന്ന ഉപരോധം അന്താരാഷ്ട്ര ബേങ്കിംഗ് ഇടപാടുകളെയും വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. പ്രാദേശിക കറന്‍സികളിലുള്ള ഇടപാടുകള്‍ ഇത്തരം ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കും.
പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള സാമ്പത്തിക മേധാവിത്വത്തിന് ഒരു ബദല്‍ എന്ന നിലയില്‍ ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2009ല്‍ തുടക്കമിട്ട “ബ്രിക്‌സ്’ ഇപ്പോള്‍ ദക്ഷിണാഫ്രിക്ക, സഊദി അറേബ്യ, യു എ ഇ, ഈജിപ്ത്, ഇറാന്‍, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ കൂടി ചേര്‍ന്ന് പതിനൊന്നംഗ കൂട്ടായ്മയായി വളര്‍ന്നിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അംഗരാജ്യങ്ങള്‍ ആഗോള ജനസംഖ്യയുടെ 49.5 ശതമാനവും സാമ്പത്തിക മേഖലയില്‍ ആഗോള ജി ഡി പിയുടെ 40 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനവും പ്രതിനിധാനം ചെയ്യുന്നു. ഇത്രയും വലിയ മനുഷ്യവിഭവ- സാമ്പത്തിക ശേഷിയുള്ള ഒരു കൂട്ടായ്മക്ക് ലോക സാമ്പത്തികവ്യവസ്ഥയിലെ അസമത്വങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതിനൊപ്പം ദുര്‍ബല രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള ആയുധ ശക്തികളുടെ അധീശത്വത്തിനെതിരെയും ശബ്ദമുയര്‍ത്താന്‍ സാധിക്കേണ്ടതാണ്.
ഗസ്സയിലും മറ്റു പശ്ചിമേഷ്യന്‍ സംഘര്‍ഷ മേഖലകളിലും വര്‍ണനാതീതമായ ദുരിതങ്ങളാണ് നിരപരാധികളായ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നു. ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും ബോംബിട്ടു തകര്‍ക്കുന്നു. മാനവികതക്കുമേലുള്ള ഈ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ബ്രിക്‌സ് ആര്‍ജവം കാട്ടേണ്ടിയിരുന്നു. എന്നാല്‍ പതിവു നയതന്ത്ര പ്രസ്താവനകളില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നു ഉച്ചകോടി. റഷ്യയുടെ സാന്നിധ്യംമൂലം യുക്രൈന്‍ അധിനിവേശത്തില്‍ ഉച്ചകോടി പുലര്‍ത്തിയ പൂര്‍ണമൗനവും കൂട്ടായ്മയുടെ നയതന്ത്ര പരിമിതി വ്യക്തമാക്കുന്നു.
രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും ഭരണരീതിയിലും പ്രകടമായ അന്തരമുണ്ട് ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയില്‍. ജനാധിപത്യ രാജ്യങ്ങളും ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനമുള്ള രാജ്യങ്ങളും വേദി പങ്കിടുന്ന ബ്രിക്‌സില്‍ മനുഷ്യാവകാശ- ജനാധിപത്യ വിഷയങ്ങളില്‍ ഏകാഭിപ്രായത്തിലെത്തുക അത്ര എളുപ്പമല്ല. എങ്കിലും ഇത്തരം കാതലായ വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് ആഗോള നീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. അംഗരാജ്യങ്ങള്‍ പരസ്പര പരമാധികാരത്തെ ബഹുമാനിക്കുമ്പോഴും സാധാരണക്കാരുടെ അവകാശ സംരക്ഷണത്തില്‍ പൊതുമാനദണ്ഡത്തിലെത്താന്‍ ഉച്ചകോടികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആഗോളതലത്തില്‍ സ്വാധീനമുള്ള ഒരു നയതന്ത്ര കൂട്ടായ്മ എന്ന നിലയില്‍ നിന്ന് വെറുമൊരു “വ്യാപാര സഹകരണ സംഘ’മായി ബ്രിക്‌സ് ചുരുങ്ങിപ്പോകും.
Content Highlights:
The BRICS summit in Delhi concluded with a joint declaration advocating for UN Security Council reforms to empower the Global South. The summit urged resolving West Asia conflicts through dialogue and promoting local currency trade over dollar dependency. It also opposed unilateral trade tariffs.





