Connect with us

Kerala

ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം; കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞില്ല

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായില്ല. ചീരക്കടവില്‍ ഭവാനിപ്പുഴയോരത്താണു മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെണ്‍കുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി വിലയിരുത്തിയ പോലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

മൃതദേഹങ്ങള്‍ കണ്ടെത്തിയ സമയത്ത് അവയില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ തലയറുത്തു മാറ്റിയ നിലയിലായിരുന്നു. ശരീരം രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമായാണ് ഒഴുക്കിയത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് കരുതുന്നത്.

കൊലപാതകത്തിന് പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്.
മൂന്ന് ദിവസം മുന്‍പ് വരെ പുഴയില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. മറ്റെവിടെയെങ്കിലും കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഒഴുക്കിയ മൃതദേഹം ഇവിടെ എത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും പോലീസും ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മേഖലയില്‍ നിന്ന് അടുത്തിടെ കാണാതായവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചു വരികയാണ്. മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

 

---- facebook comment plugin here -----

Latest